ഐപിഎല്‍ മത്സരങ്ങള്‍ രാജസ്ഥാനിലേക്ക് മാറ്റിയതിനെതിരെ കോടതി
കുടിവെള്ളക്ഷാമം രാജസ്ഥാനെയും വലയ്ക്കുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ ജയ്‍പൂരിലേക്ക് മാറ്റിയത് എന്തിനാണെന്നാണ് കോടതിയുടെ ചോദ്യം.
മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ ജയ്‍പൂരിലേക്ക് മാറ്റിയതിനെതിരെ രാജസ്ഥാന്‍ ഹൈകോടതി. കുടിവെള്ളക്ഷാമം രാജസ്ഥാനെയും വലയ്ക്കുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ ജയ്‍പൂരിലേക്ക് മാറ്റിയത് എന്തിനാണെന്നാണ് കോടതിയുടെ ചോദ്യം. വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും ബിസിസിഐക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 27ന് പരിഗണിക്കും.
ജയ്‍പൂരിലേക്ക് മത്സരം മാറ്റിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാനം ജലക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ക്രിക്കറ്റിനായി വെള്ളം പാഴാക്കുന്നത് ശരിയല്ലെന്നാണ് പൊതുതാല്‍പര്യ ഹരജിയിലെ വാദം. ജനങ്ങള്‍ കുടിവെള്ളമില്ലാതെ വലയുമ്പോള്‍ ക്രിക്കറ്റിനായി വെള്ളം പാഴാക്കുന്നത് മൌലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. സര്‍ക്കാറിനും ബിസിസിഐക്കും പുറമെ ജലവിഭവ വകുപ്പ്, കായിക യുവജനകാര്യ വകുപ്പ്, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര കടുത്ത വരള്‍ച്ചയുടെ പിടിയിലായിരിക്കെ പിച്ച് പരിപാലിക്കുന്നതിനായി വെള്ളം പാഴാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിയത്.