എട്ടാംക്ലാസുകാരന് ശൌചാലയം നിര്‍മിച്ചുകൊടുത്ത് 4 സഹപാഠികള്‍
അസുഖബാധിതനായി നിരവധി തവണ അഗതിയാന്‍ ക്ലാസ് മുടക്കിയപ്പോഴാണ് കൂട്ടുകാര്‍ അവന്റെ പ്രശ്നങ്ങള്‍ അറിയാന്‍ ശ്രമിച്ചത്
എട്ടാംക്ലാസുകാരായ വസീഗരന്‍, രാഹുല്‍, നവീന്‍രാജ്, ഹരീഷ് എന്നിവര്‍ ഒരുമിച്ചത് തങ്ങളുടെ സഹപാഠി അഗതിയാന് വേണ്ടിയാണ്. വീട്ടില്‍ പ്രാഥമികകൃത്യത്തിന് സൌകര്യങ്ങളില്ല്ലാതെ അസുഖബാധിതനായ അഗതിയാന് വേണ്ടി നാലുപേരും കൂടി ഒരു ശൌചാലയം നിര്‍മ്മിച്ചുകൊടുത്തു.
അസുഖബാധിതനായി നിരവധി തവണ അഗതിയാന്‍ ക്ലാസ് മുടക്കിയപ്പോഴാണ് കൂട്ടുകാര്‍ അവന്റെ പ്രശ്നങ്ങള്‍ അറിയാന്‍ ശ്രമിച്ചത്. പ്രാഥമിക കൃത്യങ്ങള്‍ക്ക് വെളിപ്രദേശങ്ങളെ ആശ്രയിച്ച കാരണം അഗതിയാന്റെ കാലുകള്‍ ചെറിഞ്ഞുതടിച്ചിരുന്നു. മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും അവനെ അലട്ടിയിരുന്നു.
തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളാണ് ഇവര്‍. തേത്തുക്കൂടിയ എസ് കെ ഗവണ്‍മെന്റ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍. കക്കൂസ് നിര്‍മ്മിക്കാനാവശ്യമായ നിര്‍മ്മാണസാമഗ്രികള്‍ വാങ്ങാനുള്ള ധനസമാഹരണമായിരുന്നു ആദ്യലക്ഷ്യം. ആവശ്യത്തിനുള്ള പണം പിരിഞ്ഞു കിട്ടിയപ്പോള്‍ പിന്നെ നിര്‍മ്മാണം ഇവര്‍തന്നെ ഏറ്റെടുക്കുകയായിരുന്നു. സഹായത്തിന് അധ്യാപകനായ വീരമണിയും. പണസമാഹരണത്തിനായി സ്വാതന്ത്രദിനാഘോഷത്തിന് വേണ്ട സഹായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്ത് നല്‍കിയത് ഈ അധ്യാപകനായിരുന്നു.