സമരം തുടരുമെന്ന് സംയുക്ത സമിതി; കര്‍ണാടകയില്‍ കനത്ത ജാഗ്രത
സമരവുമായി മുന്നോട്ട് പോവാന്‍ കാവേരി സംയുക്ത സമര സമിതി തീരുമാനിച്ചു
കാവേരി പ്രശ്നത്തില്‍ കര്‍ണാടകയില്‍ കനത്ത ജാഗ്രത. സമരവുമായി മുന്നോട്ട് പോവാന്‍ കാവേരി സംയുക്ത സമര സമിതി തീരുമാനിച്ചു. അതിനിടെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയ ബസ് സര്‍വീസുകള്‍ ഇന്നലെ രാത്രിയോടെ പുനരാരംഭിച്ചു. ബംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
സുപ്രീം കോടതി വിധിക്ക് അനുകൂലമായി നീങ്ങാമെന്ന കര്‍ണാടക സര്‍ക്കാറിന്റെ നിലപാടിനോട് എതിര്‍പ്പുമായി സംയുക്ത സമര സമിതി രംഗത്തെത്തിയിരിക്കുകയാണ്. കേസ് ഈ മാസം സുപ്രീം കോടതി പരിഗണിക്കുന്നതു വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. നാളെ ബംഗളൂരുവില്‍ ട്രെയിന്‍ തടയുമെന്നും തമിഴ്നാട് വാഹനങ്ങള്‍ കടത്തിവിടില്ലെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.
അതിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ ബസ് സര്‍വീസുകളെല്ലാം ഇന്നലെ രാത്രിയോടെ പുനരാരംഭിച്ചു. കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നലെ രാത്രി 9 മണിയോടെ പുനരാരംഭിച്ചു. ബംഗളൂരുവിന്റെ വിവിധ മേഖലകളിലേക്കുളള കര്‍ണാടക ആര്‍ടിസി ബസ്സുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്, അക്രമസംഭവങ്ങളെ തുടര്‍ന്ന് അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. സമരസമിതി സംഘര്‍ഷവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ നിരോധനാജ്ഞ നീട്ടിയേക്കും. സുരക്ഷക്കായി കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.