ആര്‍എസ്എസിന്‍റെ അപകീര്‍ത്തി കേസ്: രാഹുല്‍ കോടതിയില്‍ ഹാജരായി
ആര്‍ എസ് എസ് അവര്‍ക്കാകുന്നയത്ര കേസുകള്‍ കൊടുക്കട്ടെ. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി സംസാരിച്ചതിനാലാണ് കേസുകളെന്നും രാഹുല്‍ പറഞ്ഞു.
ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസമിലെ ഗുവഹാത്തി കോടതിയില്‍ നേരിട്ട് ഹാജരായി. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് രാഹുല്‍ കോടതിയിലെത്തിയത്. രാജ്യത്തെ വിഭജിക്കുന്ന ആര്‍എസ്എസ് പ്രത്യാശാസ്ത്രത്തിനെതിരായ പോരാട്ടം തുരുമെന്നും കേസുകള്‍ കൊണ്ട് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
2015 ഡിസംബറില്‍ അസമിലെ ബര്‍പെറ്റയിലുള്ള പുരാതന സന്യാസി മഠത്തില്‍ സന്ദര്‍ശനം നടത്താനെത്തിയ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ലോക്സഭയില്‍ സംസാരിക്കവേയാണ് ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെയാണ് ഗുവഹാത്തി കോടതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ക്രിമിനല്‍ അപകീര്‍ത്തികേസ് നല്‍കിയത്. കേസില്‍ അഭിഭാഷകന്‍ വഴി ജാമ്യമെടുക്കാമായിരുന്നിട്ടും രാഹുല്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നിര്‍ത്തിവെച്ചാണ് രാഹുല്‍ ഗുവഹാത്തിയിലെത്തിയത്. കോടതി പരിസരത്ത് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ അഭിവാദ്യം ചെയ്യാനെത്തി. കേസില്‍ ജാമ്യമെടുത്ത രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.
ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരമാര്‍ശത്തില്‍ രാഹുലിനെതിരെ ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തിക്കേസ് മുംബൈ കോടതിയുടെ പരിഗണനയിലാണ്. പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് സുപ്രിം കോടതിയെ രാഹുല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുവാഹത്തിയിലെ കേസ്.