പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം നേരത്തെ അവസാനിപ്പിക്കും
രാജ്യസഭാ സമ്മേളനം നാളെ അവസാനിയ്ക്കും. മൂന്ന് നിയമസഭകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം
പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം നേരത്തെ അവസാനിപ്പിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സമ്മേളനം അവസാനിപ്പിച്ച് ലോക്സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭാ സമ്മേളനം നാളെ അവസാനിയ്ക്കും. മൂന്ന് നിയമസഭകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. സുപ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ക്ക് അവതരണാനുമതി നല്‍കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്നും രാജ്യസഭയില്‍ പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലായതിനാല്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളായ എം.പിമാര്‍ക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അതിനാല്‍ എല്ലാ എം.പിമാര്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാവാന്‍ അവസരം നല്‍കാനാണ് സര്‍ക്കാര്‍ സഭാ സമ്മേളനം നേരത്തെ അവസാനിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ തന്നെ സുപ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ക്ക് അവതരണാനുമതി നല്‍കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്നും രാജ്യസഭയില്‍ പ്രതിഷേധിച്ചു.
11 ദിവസം മുന്‍പ് നല്‍കിയ നോട്ടീസ് ഇതുവരെ പരിഗണനാപ്പട്ടികയില്‍ പെടുത്തിയില്ലെന്നാരോപിച്ച് മധുസൂദന്‍ മിസ്ത്രിയാണ് ആദ്യം വിഷയമുന്നയിച്ചത്. സര്‍ക്കാരിന് താല്പര്യമുള്ള നടപടികളും വിഷയങ്ങളും മാത്രമേ പരിഗണിയ്ക്കുന്നുള്ളൂ എന്നും അതിന് ചെയര്‍ എത്ര സമയം വേണമെങ്കിലും കണ്ടെത്തുന്നു എന്നും മിസ്ത്രി ആരോപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അല്‍പനേരം ബഹളമുയര്‍ത്തി. നോട്ടീസുകള്‍ അദ്ധ്യക്ഷന്‍റെ പരിഗണനയിലാണെന്ന് ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ റൂളിങ്ങ് നല്‍കി. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ശൂന്യവേളയും ചോദ്യോത്തരവേളയും നടത്തുന്നതില്‍ സഹകരിച്ചു.
അപ്രോപ്രിയേഷന്‍ ബില്ലും ധന വിനിയോഗ ബില്ലും ഒരുമിച്ചാണ് രാജ്യസഭ പരിഗണിച്ചത്. 5 ബില്ലുകള്‍ രാജ്യസഭ പാസ്സാക്കി. വായ്പ തിരിച്ചു പിടിയ്ക്കല്‍ നിയമ ബേദഗതി ബില്‍ അംഗങ്ങളുടെ ആവശ്യപ്രകാരം പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതിയ്ക്ക് വിട്ടു. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിയ്ക്കണമെന്ന് ബി.ജെ.പി അംഗം അര്‍ജുന്‍ മെഹ് വാള്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.