സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി
വര്‍ഗീയ ശക്തികളെ നേരിടുന്നതില്‍ കോണ്‍ഗ്രസു മായി സഹകരിക്കുന്നതിനെ ചൊല്ലിയാണ് യെച്ചൂരി- കാരാട്ട് പക്ഷങ്ങൾ തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നത്
നിര്‍ണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്‍റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ഇരുപക്ഷങ്ങളും വ്യക്തമാക്കിയതോടെ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനുള്ള സാധ്യതകള്‍ ഏറി. അനാരോഗ്യത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാത്ത വിഎസ് യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് കേന്ദ്രകമ്മറ്റിക്ക് കത്ത് നല്‍കി.
വര്‍ഗ്ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കകമുള്ള മതേതരകക്ഷികളുമായി സഹകരിക്കണമെന്ന സീതാറാംയെച്ചൂരിയുടെ രേഖയും ഇതിനെ എതിര്‍ക്കുന്ന കാരാട്ടിന്റെ രേഖയും വീണ്ടും കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. സമവായമില്ലെങ്കില്‍ പിബിയില്‍ ന്യൂനപക്ഷമായെങ്കിലും ഈ രേഖയും കാരാട്ടിന്റെ രേഖയ്ക്കൊപ്പം ഹൈദാരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കണമെന്നാണ് യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. വിശാഖപട്ടണം കോണ്‍ഗ്രസ് എടുത്ത രാഷ്ട്രീയഅടവ് നയം നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്നും യെച്ചൂരി വാദിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ട ആവശ്യമേയില്ലെന്നും രണ്ട് രേഖകള്‍ പാര്‍ട്ടികോണ്‍ഗ്രസിന് അയക്കുന്ന കീഴ് വഴക്കം സിപിഎമ്മിനിലെന്നും കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. ഇരുരേഖകളും കേന്ദ്രകമ്മിറ്റിയില്‍ വോട്ടിനിടിക്കാനാണ് കാരാട്ട് പക്ഷത്തിന്റെ നീക്കം. തൃപുരയില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മണിക്ക് സര്‍ക്കാര്‍ ഒരുപക്ഷെ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ പ്രതീക്ഷ. അതേസമയം യോഗത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാനേതാക്കളേയും എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇരുപക്ഷവും സജീവമാക്കി. അനാരോഗ്യത്തെ തുടര്‍ന്ന് ഏറെക്കാലമായി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ യോഗത്തിലെത്തിച്ച് അനുകൂലമായി സംസാരിപ്പിക്കാന്‍ ബംഗാള്‍ ഘടകവും ശ്രമിക്കുന്നുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് വിഎസ് യോഗത്തിനെത്തിയിട്ടില്ല.