പ്രതിദിനം പത്തു രൂപ വീതം ആറു മാസത്തേക്ക് മിച്ചംവെക്കുന്ന യുവാക്കള്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

Update: 2018-03-19 19:18 GMT
Editor : admin
പ്രതിദിനം പത്തു രൂപ വീതം ആറു മാസത്തേക്ക് മിച്ചംവെക്കുന്ന യുവാക്കള്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം
Advertising

തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി.

തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. ആറു മാസത്തേക്ക് പ്രതിദിനം പത്തു രൂപ വീതം മിച്ചംവെക്കുന്ന യുവാക്കള്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം (ഗ്രാന്റ്) അനുവദിക്കുന്നതാണ് പദ്ധതി. 18 നും 35 നും ഇടയില്‍ പ്രായമുള്ളവരെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

യുവ കൂട്ടായ്മ വഴി സ്വയം തൊഴില്‍ പദ്ധതിക്ക് ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപ സഹായം. യുവാക്കള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിന് പ്രത്യേക യൂത്ത് ബാങ്കുകളും സര്‍ക്കാര്‍ രൂപീകരിക്കും. വനിതാ കോര്‍പ്പറേറ്റീവ് ബാങ്കായ സ്ത്രീ നിധി ബാങ്കിന്റെ വിജയത്തിന്റെ ചുവടുപിടിച്ചാണ് യൂത്ത് ബാങ്കിന്റെ പിറവി. വനിതാ ക്ഷേമം മുന്‍നിര്‍ത്തി തൊഴില്‍രഹിതരായ യുവതികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും സാമ്പത്തിക സഹായം നല്‍കാനും ലക്ഷ്യമിട്ടാണ് സ്ത്രീ നിധി ബാങ്ക് തുടങ്ങിയത്. ഇത് വന്‍ വിജയമാവുകയും ചെയ്തു. ആയിരം കോടി രൂപയുടെ മുതല്‍മുടക്കില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് 2011 ല്‍ സ്ത്രീ നിധി ബാങ്ക് തുടങ്ങിയത്.

യൂത്ത് ബാങ്കിന്റെ പദ്ധതി പ്രകാരം പത്തു മുതല്‍ 15 അംഗങ്ങളുള്ള സംഘമാണ് രൂപീകരിക്കേണ്ടത്. 15 പേരുടെ സംഘം ആറു മാസത്തേക്ക് പ്രതിദിനം പത്തു രൂപ വീതം മിച്ചംവെച്ചാല്‍ 27,000 രൂപ സമ്പാദിക്കാനാകും. ആറു മാസത്തിനു ശേഷമായിരിക്കും സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക. ഇത്തരത്തില്‍ ഓരോ ജില്ലയിലും ആയിരം ഗ്രൂപ്പുകളെങ്കിലുമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് മന്ത്രി ടി പത്മ റാവു ഗൌത് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News