കര്‍ഷക ആത്മഹത്യക്ക് പിന്നില്‍ പ്രേതങ്ങളാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം .......
പ്രേതങ്ങളുടെ പിടിയിലായതിനാലാണ് സംസ്ഥാനത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കോണ്‍ഗ്രസ് അംഗം ശൈലേന്ദ്ര പട്ടേല്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രേതങ്ങളുടെ പിടിയിലായതിനാലാണ് ആത്മഹത്യ പോലുള്ള കടുത്ത നടപടിയിലേക്ക് കര്‍ഷകര്‍ തുനിഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തതായി തെളിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍റെ ജന്മ ജില്ലയായ ശെഹോറില്‍ മാത്രം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 418 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്ത 418 കര്‍ഷകരില്‍ 117 പേരെ ഇതിന് പ്രേരിപ്പിച്ച ഘടകം സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ശൈലേന്ദ്ര പട്ടേല്‍ പിന്നീട് കുറ്റപ്പെടുത്തി. അടുത്തിടെ ആത്മഹത്യ ചെയ്ത ഹരിഓം പര്‍മാറിനെ ഇതിലേക്ക് നയിച്ചത് കടക്കെണിയാണെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ തന്നോട് പറഞ്ഞതെന്നും ഇത്തരത്തിലുള്ള പത്തോളം കേസുകള്‍ തനിക്ക് നേരിട്ട് അറിയാമെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.