കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്ത്യശാസനം
ജൂലൈയോടെ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം. ഡിസംബര്‍ വരെ സമയം നീട്ടി നല്‍കണമെന്ന ആവശ്യം തള്ളി. അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 2010ല്‍
സംഘടന തെരഞ്ഞെടുപ്പ് ജൂലൈയോടെ പൂര്‍ത്തിയാക്കണമെന്ന് എഐസിസിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്ത്യശാസനം. പുനസ്സംഘടന പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ എഐസിസി കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതംഗീകരിക്കാനികില്ലെന്നും, ജൂലൈക്കപ്പുറത്ത് സമയം നീട്ടി നല്‍കാന്‍ ആകില്ലെന്നും കമ്മീഷന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
2010ലാണ് അവസാനമായി എഐസിസിയില്‍ സംഘടന തെരഞ്ഞെടുപ്പ് നടന്നത്. ഇതിന് ശേഷം പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുനസ്സംഘടന നീട്ടിക്കൊണ്ട് പോവുകയാണ് നേതൃത്വം. 2013ല്‍ ദേശീയ വ്യാപകമായി തന്നെ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല. ഇതിനൊപ്പമാണ്, ദേശീയ പ്രസിഡണ്ടായി രാഹുല്‍ ഗാന്ധിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം. ഇതൊക്കെ കണക്കിലെടുത്ത്, നിലവിലുള്ള നേതൃത്വത്തിന് ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിക്കൊടുക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി തീരുമാനിച്ചിരുന്നു. സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള സമയം അതുവരേക്ക് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കി.
എന്നാല്‍ ഡിസംബര്‍ വരെ സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നതാണ് കമ്മീഷന്‍റെ നിലപാട്. ജൂണ്‍ 31നകം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം. ജൂലൈ 15നകം പുതിയ ഭാരവാഹികളുടെയും, പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പേരുകള്‍ കൈമാറണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഇതോടെ, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് വൈകില്ലെന്ന് ഉറപ്പായി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നതോടെ, നേതൃ മാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.