ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ
12 ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. 12 ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാമജന്മഭൂമി രാഷ്ട്രീയത്തിലൂടെ ബിജെപി ശക്തിയാര്‍ജ്ജിച്ച മേഖലകളാണ് ഇതില്‍ ഭൂരിഭാഗവും. അതേസമയം ശക്തമായ മുസ്ലിം സാന്നിധ്യം മുന്‍നിര്‍ത്തി ബിഎസ്പിയും എസ്പി - കോണ്‍ഗ്രസ് സഖ്യവും ഏറ്റവും കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന മേഖല കൂടിയാണ് ഇത്.
ഹിന്ദു - മുസ്‍ലിം സൌഹൃദത്തെ പ്രതീകവത്കരിക്കുന്ന ഗംഗ - യമുന സംസ്കാരത്തിന്‍റെ ജന്മഭൂമിയായ ഫൈസാബാദുള്‍പ്പെടെയുള്ള 12 ജില്ലകള്‍. പക്ഷെ 90കളില്‍ സംഘപരിവാര്‍ ഉയര്‍ത്തിവിട്ട രാമജന്മഭൂമി രാഷ്ട്രീയത്തിന്‍റെ വിളനിലവും അതിലൂടെ ഹിന്ദുത്വ വലത് പക്ഷത്തിന്‍റെ രാഷ്ട്രീയ വളര്‍ച്ചക്ക് വളമായ പ്രദേശവും. 2014ല്‍ മേഖല തൂത്ത് വാരുകയായിരുന്നു ബിജെപി. അതിന്‍റെ അത്മവിശ്വാസം പക്ഷെ ഇത്തവണ ബിജെപിക്ക് ഇല്ല.
ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വിളനിലമായിരുന്ന മേഖലയില്‍ ഇത്തവണ വിധി നിര്‍ണയിക്കാന്‍ പോകുന്നത് 19 ശതമാനത്തോളം വരുന്നു മുസ്ലിം വോട്ടുകളായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുന്നില്‍ കണ്ട് ആകെയുള്ള 53 സീറ്റുകളില്‍ ബിഎസ്പിയും, എസ്പി-കോണ്‍ഗ്രസ് സഖ്യവും മത്സരിപ്പിക്കുന്നത് 33 മുസ്ലിം സ്ഥാനാര്‍ത്ഥികളെ. അയോധ്യയില്‍ പോലും ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം ബിഎസ്പിക്ക് വേണ്ടി മത്സരിക്കുന്നു. പരമ്പരാഗതമായി പിന്തുണക്കുന്ന ജാതി സമാവാക്യങ്ങള്‍ക്കൊപ്പം പരമാവധി മുസ്ലിം വോട്ടുകള്‍ നേടിയാല്‍ മേഖലയില്‍ നേട്ടമുണ്ടാക്കാമെന്നാണ് ഇരുകൂട്ടരുടെയും കണക്ക് കൂട്ടല്‍.
മുസ്ലിം കാര്‍ഡിന് ബദലായി ശക്തമായ ഹിന്ദു ഏകീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഉള്ളത്. പക്ഷെ രാമജന്മഭൂമി വിഷയത്തിന് മേഖലയില്‍ പണ്ടത്തെ പോലെ മാര്‍ക്കറ്റില്ലെന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശംസാന് - ഖബറിസ്ഥാന്‍ പരമാര്‍ശം ഭൂരിപക്ഷ സമുദായത്തില്‍ വലിയ രീതിയില്‍ പ്രതികരണം ഉണ്ടാക്കിയിട്ടില്ലെന്നതും ബിജെപിയെ കുഴക്കുന്നു. ഏതായാലും യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആകെത്തുക തീരുമാനിക്കപ്പെടുക നാളെ നടക്കുന്ന അഞ്ചാം ഘട്ടത്തിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.