മോദിക്ക് ചോദ്യങ്ങളെ ഭയം, അതുകൊണ്ടാണ് വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്: കപില്‍ സിബല്‍
തനിക്കെതിരായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിക്ക് കഴിയാത്തതുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്നതെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു
ഇന്ത്യാചരിത്രത്തില്‍ വാര്‍ത്താസമ്മേളനം നടത്താത്ത ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തനിക്കെതിരായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിക്ക് കഴിയാത്തതുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്നതെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു. ഗുജറാത്തിലെ വഡോദരയില്‍ സംസാരിക്കുമ്പോഴാണ് കപില്‍ സിബല്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചത്.
രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അവിടെ ഓടിയെത്തുകയാണ് മോദി. പ്രധാനമന്ത്രിയുടെ ജോലിയല്ല തെരഞ്ഞെടുപ്പ് പ്രചാരകന്റെ ജോലിയാണ് മോദി ചെയ്യുന്നതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ കുറിച്ചുള്ള തന്‍റെ വീക്ഷണം മോദി ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. കാരണം മോദിക്ക് അങ്ങനെയൊരു കാഴ്ചപ്പാടില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
വീണ്ടുവിചാരമില്ലാതെയാണ് മോദി രാജ്യത്തെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുത്തത്. നോട്ട് നിരോധം, ജിഎസ്‍ടി, റഫേല്‍ ഇടപാട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങളിലെല്ലാം ഈ വീണ്ടുവിചാരമില്ലായ്മ കാണാമെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും കപില്‍ വെല്ലുവിളിച്ചു. അമിത് ഷായെ കപില്‍ സിബല്‍ സംവാദത്തിന് ക്ഷണിച്ചു. ഏതെങ്കിലും മേഖലയില്‍ ഗുജറാത്തിന് വളര്‍ച്ചയുണ്ടായതായി തെളിയിക്കാന്‍ പറ്റുമോയെന്നാണ് അമിത് ഷായോടുള്ള വെല്ലുവിളി.