വെറും 500 രൂപ ചെലവില്‍ വിവാഹം നടത്തി മാതൃകയായി ഐഎഎസ് ദമ്പതിമാര്‍

Update: 2018-04-22 07:59 GMT
Editor : Alwyn K Jose
വെറും 500 രൂപ ചെലവില്‍ വിവാഹം നടത്തി മാതൃകയായി ഐഎഎസ് ദമ്പതിമാര്‍
Advertising

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധത്തിന് ശേഷം ഏറ്റവും ബുദ്ധിമുട്ടിലായത് വിവാഹാവശ്യങ്ങള്‍ തന്നെയായിരുന്നു

വിവാഹം വന്‍ ചെലവുള്ള ചടങ്ങാണെന്ന പൊതുധാരണ തിരുത്തിയെഴുതി മാതൃകയാകുകയാണ് ഈ ഐഎഎസ് ദമ്പതിമാര്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധത്തിന് ശേഷം ഏറ്റവും ബുദ്ധിമുട്ടിലായത് വിവാഹാവശ്യങ്ങള്‍ തന്നെയായിരുന്നു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കലും ബാങ്കില്‍ നിന്നു പണം പിന്‍വലിക്കലുമെല്ലാം പുലിവാല് പിടിപ്പിച്ചു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു അടുത്തിടെ ഒരു ബിജെപി മുന്‍ മന്ത്രിയുടെ മകളുടെ വിവാഹം 500 കോടി രൂപ മുടക്കി ആഢംബരമായി നടത്തിയെന്ന വാര്‍ത്ത. എന്നാല്‍ വെറും 500 രൂപ ചെലവില്‍ വിവാഹം നടത്തി മാതൃക കാട്ടുകയാണ് മധ്യപ്രദേശില്‍ നിന്നു ഈ റിപ്പോര്‍ട്ട്. നവദമ്പതിമാര്‍ ഐഎഎസ് ഓഫീസര്‍മാരായ ആശിഷ് വശിഷ്തയും സലോനി സിദാനയും‍. മധ്യപ്രദേശിലെ ബിഹിന്ദ് എഡിഎം കോര്‍ട്ടില്‍ വിവാഹത്തിന് നല്‍കേണ്ട 500 രൂപ മാത്രമാണ് ഇവര്‍ക്ക് ചെലവായത്. മധ്യപ്രദേശ് ഐഎഎസ് കേഡറിലെ ആശിഷ് തന്റെ പ്രണയം തുറന്നുപറഞ്ഞപ്പോള്‍ ചെലവുകുറച്ച് വിവാഹം നടത്താമെന്ന് സലോനിയും പറഞ്ഞു. 2013 ല്‍ ഐഎഎസ് നേടിയ ഇരുവരും മസൂറിയിലെ പരിശീലനത്തിനിടയിലാണ് പ്രണയത്തിലാകുന്നത്. വിവാഹത്തിനായി എഡിഎം കോര്‍ട്ടില്‍ ആശിഷ് അപേക്ഷ നല്‍കിയിരുന്നു. നവംബര്‍ 28 ന് വിവാഹതിയതിയും ലഭിച്ചു. നോട്ട് നിരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം കോര്‍ട്ടിലെത്തി വിവാഹത്തിന്റെ ഔപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ സ്വദേശിയായ ആശിഷും പഞ്ചാബില്‍ നിന്നു സലോനിയും ഒരുമിക്കുമ്പോള്‍ ഒരു ഉത്തമ മാതൃക കൂടിയാണ് എഴുതിച്ചേര്‍ക്കുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News