അഗസ്ത വെസ്റ്റ്‌ലാന്റ്: കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടി
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടി
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തന്നെ രംഗത്തെത്തി. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതോടെ കോണ്‍ഗ്രസ് ഭരണപക്ഷത്തിന് നേരെ നേരേ പാഞ്ഞടുത്തു. പ്രതിപക്ഷ ബഹളത്തില്‍ സഭ രണ്ട് തവണ തടസ്സപ്പെട്ടു.
രാവിലെ രാജ്യസഭ ആരംഭിച്ചപ്പോള്‍ തന്നെ അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കരാര്‍ റദ്ദാക്കി, ഇടപാടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു, അഡ്വാന്‍സ് നല്‍കിയ മുഴുവന്‍ തുകയും തിരികെ വാങ്ങി, കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി എന്നീ നാല് വാദങ്ങളായിരുന്നു ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മോദി ഉള്‍പ്പെടുത്തിയതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ പത്രവാര്‍ത്തയെക്കുറിച്ചും ഗുലാം നബി ആസാദ് ആരോപണമുന്നയിച്ചു. എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ആരോപണത്തെ പൂര്‍ണമായും തള്ളുന്നതായും സഭാ നേതാവ് അരുണ്‍ ജെയിറ്റ്‌ലി പ്രതികരിച്ചു. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇടപാടുമായി ബന്ധമുണ്ടെന്ന് സുബ്രമഹ്ണ്യന്‍ സ്വാമി ആരോപണമുന്നയിച്ചതോടെയാണ് കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
ബിജെപി ഉന്നയിച്ച എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. തനിക്ക് ഒന്നും മറച്ച് വെക്കാനില്ലെന്ന് സോണിയ പ്രതികരിച്ചു.