ബസ്തറിലെ ആദിവാസി സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യം
ബസ്തര്‍ മേഖലയില്‍ ആദിവാസി സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത്.
ബസ്തര്‍ മേഖലയില്‍ ആദിവാസി സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത്. സാമൂഹ്യ പ്രവര്‍ത്തകനും സോണി സോറിയുടെ സഹോദരന്റെ മകനുമായ ലിംഗറാം കോഡോപിയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.സോണി സോറിക്ക് നേരെ നടന്ന ആക്രമണവും ആദിവാസികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നേരെയുളള പൊലീസ് അതിക്രമവും വ്യക്തമാക്കുന്നതാണ് രാഷ്ട്രപതിക്ക് നല്‍കിയ കത്ത്.
'നക്സല്‍ വിരുദ്ധ നടപടിയുടെ പേരില്‍ ആദിവാസികളെ ക്രൂരമായി മര്‍ദ്ദിക്കുന്നു. അധികാരമുപയോഗിച്ച് സ്ത്രീകളെ പീഡനത്തിന് ഇരകളാക്കുന്നു. ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയാകുന്പോള്‍ ദേശം മുഴുവന്‍ ശബ്ദിക്കുന്നു. എന്നാല്‍ ബസ്തറില്‍ 10 പെണ്‍കുട്ടികള്‍ ഒരേ സമയം പീഡിപ്പിക്കപ്പെട്ടിട്ടും ആരും അറിയുന്നില്ല. ഈ അനുഭവങ്ങളുടെ തുടര്‍ച്ചയാണ് അക്രമികള്‍ ആസിഡ് ചേര്‍ത്ത കരിഓയില്‍ സോണി സോറിയുടെ മുഖത്തെറിഞ്ഞ സംഭവവും. സോണി സോറിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ പോലും തയ്യാറായില്ല. ഇപ്പോഴും ഭീഷണികള്‍ തുടരുന്നു.'-ലിംഗറാം കോഡോപി പറഞ്ഞു.