സര്‍വ്വകലാശാലകളില്‍ ദിന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ ചെയറിന് അനുമതി
രാജ്യത്തെ സര്‍വ്വകലാശാലകളില്‍ ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ ചെയര്‍ ആരംഭിക്കാന്‍ യുജിസിയുടെ അനുമതി
രാജ്യത്തെ സര്‍വ്വകലാശാലകളില്‍ ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ ചെയര്‍ ആരംഭിക്കാന്‍ യുജിസിയുടെ അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്. ചെയര്‍ രൂപീകരിക്കുന്നതിനുള്ള ചെലവ് വഹിക്കാനും യുജിസി തീരുമാനിച്ചു.
ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ദീന്‍ദയാല്‍ ഉപാധ്യായ. സംഘ്പരിവാര്‍ മാതൃസംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ താത്വിക ആചാര്യന്‍മാരില്‍ ഒരാള്‍. ഇദ്ദേഹത്തിന്‍റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുന്നതിന് സര്‍വ്വകലാശാലകളില്‍ അവസരം ഒരുക്കണമെന്നത് സംഘ് പരിവാറിന്‍റെ ദീര്‍ഘകാല ആവശ്യമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് അഞ്ചംഗ വിദഗ്ധ സമിതിക്ക് നേരത്തെ യുജിസി രൂപം കൊടുത്തിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ ചെയര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം വിദഗ്ധ സമിതി 2016 ഡിസംബറില്‍ പാസ്സാക്കിയിരുന്നു. ഇത് അംഗീകരിച്ച് കൊണ്ടാണ് ചെയര്‍ രൂപീകരിക്കാനുള്ള അന്തിമ തീരുമാനം ഇന്നലെ ചേര്‍ന്ന യുജിസി യോഗം കൈക്കൊണ്ടത്.
ചെയര്‍ രൂപീകരിക്കാനുള്ള ചെലവ് യുജിസി വഹിക്കും. ഇതിലേക്കുള്ള നിര്‍ദേശങ്ങള്‍ സര്‍വ്വകലാശാലകള്‍ യുജിസിക്ക് അയച്ച് അംഗീകാരം വാങ്ങണം. നിലവില്‍ 29 പ്രമുഖ വ്യക്തികളുടെ പേരുകളിലാണ് യുജിസി ചെയര്‍ രൂപീകരിച്ചിട്ടുള്ളത്. ഇതില്‍ ആദ്യമായാണ് സംഘ്പരിവാര്‍ ആചാര്യന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബാബാ സാഹെബ് അംബേദ്കര്‍ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളുടെ പട്ടികയിലേക്കാണ് ദീന്‍ ദയാലിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.