പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം
നോട്ട് പിന്‍വലിക്കലില്‍ സഭ പ്രക്ഷുബ്ധമാകും
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ചരക്ക് സേവന നികുതി പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് ബില്ലുകള്‍ പാസ്സാക്കിയെടുക്കേണ്ടതിനാല്‍ സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാണ് സമ്മേളനം. അതേസമയം മുന്നൊരുക്കമില്ലാതെ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരൊയ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമാകും. സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്, അതിര്‍ത്തിയിലെ വെടിവെപ്പ്, ഓ ആര്‍ ഓ പി തുടങ്ങിയ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും.
അടുത്ത വര്‍ഷം ഏപ്രിലോടെ ചരക്ക് സേവന നികുതി രാജ്യത്ത് പ്രാബല്യത്തിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. പതിനഞ്ച് സംസ്ഥാന നിയമസഭകളും ജിഎസ്ടി ബില്‍ പാസ്സാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ബില്ലുകള്‍ കൂടി പാര്‍ലമെന്‍റ് പാസ്സാക്കിയാല്‍ ജിഎസ്ടി ബില്‍ നിയമമാകും. എല്ലാ സംസ്ഥാനങ്ങളുടെയും ബില്ലുകള്‍ ചേര്‍ത്തുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി ബില്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം തീരുമാനിക്കുന്ന ബില്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ഇവ ഈ സമ്മേളനത്തില്‍ തന്നെ പാസ്സാക്കിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് സാധാരണ നവംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന സമ്മേളനം ഇക്കുറി നേരത്തേയാക്കിയത്.
പക്ഷെ, കേന്ദ്രസര്‍ക്കാരിനെതിരെ സമീപകാലത്തുയര്‍ന്ന വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ കൊണ്ടുവരുമെന്ന് ഉറപ്പായതോടെ ബില്ലുകള്‍ പാസ്സാക്കിയെടുക്കുക ശ്രമകരമായിരിക്കും. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയും, സാധാരണ ജനങ്ങള്‍ വന്‍ പ്രതിസന്ധിയിലാവുകയും ചെയ്ത വിഷയം തന്നെയായിരിക്കും സഭയെ പ്രധാനമായും പ്രകമ്പനം കൊള്ളിക്കാന്‍ പോകുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നാടകമാണ് നോട്ട് പിന്‍വലിക്കലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കോണ്‍ഗ്രസ്, തൃണമൂല്‍, എസ്‍പി, ബിഎസ്‍പി, ഇടത് പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ഈ വിഷയം ഉയര്‍ത്തുമ്പോള്‍ സഭ കലുഷിതമാകും.
സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിശദീകരണം പ്രതിപക്ഷം സഭയില്‍ തേടും. ഇതോടൊപ്പം, അതിര്‍ത്തിയില്‍ പാക് സൈന്യവുമായി തുടരുന്ന ഏറ്റുമുട്ടല്‍, എന്‍ഡിടിവിക്കേര്‍പ്പെടുത്തിയ നിരോധം, ഓര്‍ഓപി വിഷയത്തില്‍ മുന്‍ സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവും, ഇതില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയുള്‍പ്പെടേയുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമെല്ലാം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കം.