ജെഎന്‍യുവില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ പ്രതിഷേധത്തിന് വിലക്ക്

Update: 2018-05-04 16:29 GMT
Editor : Muhsina
ജെഎന്‍യുവില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ പ്രതിഷേധത്തിന് വിലക്ക്
Advertising

ജെഎന്‍യുവിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ പ്രതിഷേധത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. മൂന്ന് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹോസ്റ്റല്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി

ജെഎന്‍യുവിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ പ്രതിഷേധത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. മൂന്ന് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹോസ്റ്റല്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ കോടതി അനുമതി നല്‍കി.

ജെഎന്‍യുവില്‍ നിര്‍ബന്ധിത അറ്റന്‍ഡന്‍സിന് എതിരായ സമരം ശക്തമായതോടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെക്കുള്ള പ്രവേശനം തടഞ്ഞെന്നാരോപിച്ച് വൈസ് ചാന്‍സലറും ഉദ്യോഗസ്ഥരുമാണ് കോടതിയെ സമീപിച്ചിരുന്നത്. ഇക്കാര്യം പരിഗണിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരത്ത് മൂന്ന് ദിവസത്തേക്ക് ഹൈക്കോടതി പ്രതിഷേധം വിലക്കിയത്. ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റല്‍ പരിസരത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നത് തുടരാം.

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാത്തപക്ഷം ക്യാമ്പസില്‍ പൊലീസിന്‍റെ ഇടപെടല്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധിത അറ്റന്‍റന്‍സ് തീരുമാനത്തിനെതിരെ ക്യാമ്പസില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. എന്നാല്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചു.

വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ കള്ളമാണെന്ന് അറിയിച്ച് നേരത്തെ യൂണിവേഴ്സിറ്റി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അതേ സമയം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധം നിരോധിച്ച കോടതി ഉത്തരവ് വിദ്യാര്‍ത്ഥികള്‍ ലംഘിച്ചെന്ന പരാതിയില്‍ കോടതി വിദ്യാര്‍ത്ഥി യൂണിയന് നോട്ടീസ് അയച്ചു. നോട്ടീസിന് ചൊവ്വാഴ്ച്ച മറുപടി പറയണം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News