മഹാരാഷ്ട്രയിലും കൂട്ടശിശുമരണം; നാസികിലെ ജില്ലാ ആശുപത്രിയില്‍ ആഗസ്തില്‍ മരിച്ചത് 55 കുട്ടികള്‍
വെന്റിലേറ്ററുകളും ഓക്സിജന്‍ സിലിണ്ടറുകളും ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണം
ഗൊരഖ്പൂരിന് പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്കിലും കൂട്ടശിശുമരണം. 55 കുട്ടികളാണ് ജില്ലാ ആശുപത്രിയില്‍ ആഗസ്റ്റില്‍ മരിച്ചത്. വെന്റിലേറ്ററുകളും ഓക്സിജന്‍ സിലിണ്ടറുകളും ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണം.
ആഗസ്തില്‍ മാത്രം 55 നവജാതശിശുക്കളാണ് നാസിക്കിലെ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 227 കുട്ടികളുടെ മരണവും ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെന്റിലേറ്ററുകള്‍ ലഭ്യമാകാത്തതാണ് കൂട്ടശിശു മരണത്തിന് കാരണം. അടിയന്തര സാഹചര്യം നേരിടാനുള്ള സൌകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലെന്ന് ആക്ഷേപമുണ്ട്. പുതിയ പ്രസവ ശുശ്രൂഷ വിഭാഗത്തിനായി സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് പ്രശ്നമെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ഏപ്രിലിനും ആഗസ്തിനുമിടയില്‍ മഹാരാഷ്ട്രയില്‍ 36 നവജാത ശിശു പരിചരണ വിഭാഗങ്ങളിലായി 1,756 കുട്ടികള്‍ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. എന്നാല്‍ ഗൊരഖ്പൂരിലേതിന് സമാനമായ സാഹചര്യമല്ല നാസിക്കിലേതെന്നും ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.