വീട്ടില്‍ നിന്നും സ്കൂളിലേക്ക് ഒരു പാത, ഈ റോഡ് പണിതത് ഒരു കൂട്ടം അമ്മമാര്‍
പൂനെയിലെ ബാനര്‍, ബലേവാഡി എന്നീ പ്രദേശങ്ങളിലെ താമസക്കാരായ വനിതകളാണ് ഒരു റോഡിന് വേണ്ടി ഒത്തൊരുമിച്ചത്
കുണ്ടും കുഴിയുമായി മരണക്കിണര്‍ തീര്‍ക്കുന്ന റോഡുകള്‍ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. സഹി കെടുമ്പോള്‍ വാഴ നട്ടോ, കടലാസ് വെള്ളമിറക്കിയോ ആളുകള്‍ പ്രതിഷേധിക്കും, അതിലപ്പുറം പ്രതിഷേധമൊന്നും നമുക്കറിയില്ലതാനും. പേരിന് പോലും ഒരു റോഡില്ലാത്ത അവസ്ഥയാണെങ്കിലോ, അതും ഒരു അവസ്ഥ തന്നെയാണല്ലേ...പൂനെയിലെ ഒരു കൂട്ടം സ്ത്രീകള്‍ റോഡ് നിര്‍മ്മിക്കാന്‍ അധികാരികളുടെ കനിവിനൊന്നും കാത്തുനിന്നില്ല, ചുറുചുറുക്കോടെ കൂട്ടായി നിന്ന് ഒരു റോഡ് തന്നെ അങ്ങ് പണിതു. പൂനെയിലെ ബാനര്‍, ബലേവാഡി എന്നീ പ്രദേശങ്ങളിലെ താമസക്കാരായ വനിതകളാണ് ഒരു റോഡിന് വേണ്ടി ഒത്തൊരുമിച്ചത്.
പൂനൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയിലാണ് ഈ പ്രദേശങ്ങള്‍ വരുന്നത്. എന്നാല്‍ സഞ്ചാരയോഗ്യമായ ഒരു റോഡ് പോലും ഇവിടെയില്ല. പണ്ടെങ്ങോ നിര്‍മ്മിച്ച റോഡിന്റെ അവശിഷ്ടം മാത്രമുണ്ട്. കാല്‍നടയാത്രക്കാരും വാഹനങ്ങളില്‍ പോകുന്നവരുമെല്ലാം ഒരു സര്‍ക്കസ് തമ്പിലെന്ന പോലെയാണ് ഈ റോഡില്‍കൂടി പോകുന്നത്. മഴക്കാലമായാല്‍ പിന്നെ പറയുകയും വേണ്ട. സ്കൂള്‍ കുട്ടികളാണ് ഇതുമൂലം കൂടുതല്‍ കഷ്ടപ്പെടുന്നത്. ഇരുചക്രവാഹനക്കാര്‍ വലിയ കിടങ്ങുകളില്‍ വീഴുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പ്രദേശവാസികള്‍ നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. പ്രധാനമന്ത്രിക്കും മറ്റ് കേന്ദ്രമന്ത്രിമാര്‍ക്കും കത്തുകളും മെയിലുകളും അയച്ചുവെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല.
വിബ്ജിയോര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ അമ്മയാണ് ആദ്യം സ്വന്തമായി റോഡ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ആശയം ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് അത് അവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി മറ്റുള്ളവരിലേക്കെത്തി. റോഡ് നിര്‍മ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളും യന്ത്രങ്ങളും പെട്ടെന്ന് തന്നെ ലഭിച്ചു, ഒപ്പം ഒരു കൂട്ടം തൊഴിലാളികളെയും. പുരുഷന്‍മാരും കുട്ടികളും തങ്ങളുടേതായ രീതിയില്‍ സ്ത്രീകളുടെ ശ്രമദാനത്തില്‍ പങ്കുകൊണ്ടു. ബാനര്‍, ബലേവാഡിയില്‍ നിന്നും വിബ്ജിയോര്‍ ഹൈസ്കൂളിലേക്കാണ് റോഡ് നിര്‍മ്മിച്ചത്.
ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ റോഡ് പണിതത്, അവര്‍ സുഗമമായി യാത്ര ചെയ്യാന്‍. ഇരുചക്ര വാഹനത്തിലാണ് പലരും സ്കൂളില്‍ പോകുന്നത്. റോഡ് നിര്‍മ്മാണത്തില്‍ പങ്കാളിയായ ഒരു സ്ത്രീ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്, അന്ന് വൈകിട്ട് വരെയും ജോലി തുടര്‍ന്നു. തിങ്കളാഴ്ചയും റോഡിന്റെ പണി ഉണ്ടായിരുന്നു. ഇതൊരു താല്‍ക്കാലിക പരിഹാരമാണെങ്കിലും ഈ മഴക്കാലം കഴിയുന്നതു വരെയങ്കിലും നല്ല റോഡില്‍ യാത്ര ചെയ്യാമെല്ലോ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഞങ്ങളുടെ സമയവും പണവും ഈ റോഡിനായി നല്‍കി, അധികാരികളുടെ മുഖത്ത് നല്‍കുന്ന അടിയാണ് ഈ റോഡ് നിര്‍മ്മാണമെന്ന് ശ്രമദാനത്തില്‍ പങ്കെടുത്ത സപ്ന ഭാര്‍ഗവ പറഞ്ഞു. തീര്‍ത്ഥ് ടവേഴ്സിലെ താമസക്കാരിയാണ് സപ്ന.