തമിഴ്നാട്ടില്‍ അവിശ്വാസവും അയോഗ്യതയും ഇന്ന് കോടതിയില്‍
തമിഴ്നാട്ടില്‍ ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയും വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ നല്‍കിയ ഹര്‍ജിയും മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. സമാന സ്വഭാവമുള്ള ഏഴ് കേസുകളിന്മേല്‍..
തമിഴ്നാട്ടില്‍ ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയും വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ നല്‍കിയ ഹര്‍ജിയും മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും, ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് കേസുകളെടുക്കുക. സമാന സ്വഭാവമുള്ള ഏഴ് കേസുകളിന്മേല്‍ കോടതി വാദം കേള്‍ക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ട്, ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതാണ്, പതിനെട്ട് പേരെ അയോഗ്യരാക്കാന്‍ കാരണം.
പാര്‍ട്ടിയ്ക്കും ഭരണത്തിനും വിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്നുവെന്ന് കാണിച്ച് ചീഫ് വിപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി. എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനോട് സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന് കാണിച്ച് ഡിഎംകെയും പരാതി നല്‍കി. ആദ്യം ജസ്റ്റിസ് ദുരൈ സ്വാമിയും പിന്നീട് ജസ്റ്റീസ് രവിചന്ദ്ര ബാബുവും ആയിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, പരാതികള്‍ കൂടുതല്‍ ഗൌരവമുള്ളതാണന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു.
ജയലളിതയുടെ മരണശേഷം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്ന ഒ പനീര്‍ശെല്‍വം പക്ഷത്തെ 12 എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിയ്ക്കും. കൂടാതെ, നിയമസഭയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ഡിഎംകെ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കരുത് എന്നാവശ്യപ്പെട്ടുള്ള കേസിലും വാദം കേള്‍ക്കും.