പുസ്തകമെഴുതാന്‍ ആര്‍എസ്എസില്‍ നുഴഞ്ഞുകയറിയ യുവഎഴുത്തുകാരന്‍റെ അനുഭവമിങ്ങനെ..
സോഷ്യല്‍ മീഡിയ വഴി കലാപത്തിന് വഴിമരുന്നിടുന്ന ആര്‍എസ്എസ് തന്ത്രം വെളിപ്പെടുത്തിയതോടെ അവരുടെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടു
ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനരീതി അറിയാന്‍ ഒരു യുവ എഴുത്തുകാരന്‍ ആ സംഘടനയിലേക്ക് നുഴഞ്ഞുകയറി, ഒരു വര്‍ഷത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകനായി അഭിനയിച്ചു. വര്‍ഗീയതയും ബുദ്ധിശൂന്യതയുമാണ് ആ സംഘടനയെ നയിക്കുന്നതെന്ന് മനസ്സിലാക്കി. സോഷ്യല്‍ മീഡിയ വഴി കലാപത്തിന് വഴിമരുന്നിടുന്ന ആര്‍എസ്എസ് തന്ത്രം വെളിപ്പെടുത്തിയതോടെ അവരുടെ കൊല്‍ക്കത്തയിലെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവഎഴുത്തുകാരന്‍ സൊയ്ബാല്‍ ദാസ് ഗുപ്ത ദ ടെലഗ്രാഫ് പത്രത്തോടാണ് ഒരു വര്‍ഷത്തെ തന്‍റെ സംഭവബഹുലമായ ആര്‍എസ്എസ് ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
2016ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി അഭിനയിക്കുമ്പോള്‍ തന്‍റെ അനുഭവത്തെ അടിസ്ഥാനമാക്കി ഒരു നോവലോ നാടകമോ എഴുതുക എന്നതായിരുന്നു സൊയ്ബാല്‍ ദാസ് ഗുപ്തയുടെ ലക്ഷ്യം. സഫ്ദര്‍ നാട്യസംഘത്തിന്‍റെ ഭാഗമായി ഒരു നാടകം ചെയ്തപ്പോഴുണ്ടായ അനുഭവമാണ്, ചരിത്രത്തെ വളച്ചൊടിക്കുന്ന ആര്‍എസ്എസ് തന്ത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സൊയ്ബാലിനെ പ്രേരിപ്പിച്ചത്. ലോകത്തില്‍ ആദ്യമായി തല മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് ഗണേഷ ഭഗവാനിലാണെന്ന് അന്ന് നാടകം കാണാനെത്തിയ ഒരു മന്ത്രി പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ച് കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യുന്ന ആര്‍എസ്എസ് രീതിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞു. അങ്ങനെയാണ് ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് അവരുടെ പ്രവര്‍ത്തനത്തനരീതി എങ്ങനെയെന്ന് നേരിട്ടറിയാന്‍ തീരുമാനിച്ചത്. ബംഗാളില്‍ നിന്ന് പുതിയ ആളുകളെ ആര്‍എസ്എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സമയമായിരുന്നതിനാല്‍ ശാഖയിലേക്കുള്ള പ്രവേശനത്തിന് പ്രയാസമുണ്ടായില്ല. താന്‍ മാധ്യമപ്രവര്‍ത്തകനാണോയെന്ന് ആദ്യ ഘട്ടത്തില്‍ അവര്‍ സംശയിച്ചെങ്കിലും പിന്നീട് ചിനാര്‍ പാര്‍ക്ക് ശാഖയില്‍ തന്നെ പ്രവേശിപ്പിച്ചെന്ന് സൊയ്ബാല്‍ പറയുന്നു.
ആദ്യ മാസങ്ങളില്‍ ലഘുവായ വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. പിന്നീട് ഹിന്ദു സംസ്കാരത്തെ കുറിച്ച് പഠിപ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഹിന്ദുത്വമാണ് ഉത്തമ മതമെന്ന് പഠിപ്പിച്ചു. പിന്നീടുള്ള ഘട്ടമായിരുന്നു ഏറ്റവും അപകടം നിറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളെ ആക്രമിക്കുമെന്നും അതിജീവനത്തിനായി തിരിച്ചടിക്കണമെന്നുമാണ് ഈ ഘട്ടത്തില്‍ പഠിപ്പിച്ചത്. ജാതീയതയുടെ പ്രാധാന്യത്തെ കുറിച്ചും അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. ബംഗാളികളെ എത്ര വെറുപ്പോടെയാണ് ആര്‍എസ്എസ് കാണുന്നതെന്ന് തനിക്ക് ആ കാലത്ത് ബോധ്യമായെന്നും സൊയ്ബാല്‍ പറയുന്നു.
താന്‍ അനുഭവിച്ചറിഞ്ഞത് സൊയ്ബാല്‍ നാഷണല്‍ ഹെറാള്‍ഡില്‍ എഴുതുകയുണ്ടായി. വിജയദശമിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ കുഴപ്പങ്ങളുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം സൊയ്ബാലിന്‍റെ വെളിപ്പെടുത്തലോടെ പുറത്തറിഞ്ഞു. പിന്നാലെ ദക്ഷിണ 24 പര്‍ഗാന ജില്ലയിലെ ബിജെപിയുടെ ട്രേഡ് കണ്‍വീനറായ സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി കലാപം ആസൂത്രണം ചെയ്യുന്ന സംഘ്പരിവാര്‍ ശ്രമങ്ങള്‍ തെളിവുകള്‍ സഹിതം തന്‍റെ കയ്യിലുണ്ടെന്ന് സൊയ്ബാല്‍ പറയുന്നു. തന്‍റെ പുസ്തകത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.