അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം: പാര്‍ലമെന്റ് പ്രക്ഷുബ്ധം
ഉത്തര്‍പ്രദേശില്‍ 14കാരിയെയും അമ്മയെയും കൂട്ടബലാത്സംഗം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം
ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ പതിനാല്കാരിയേയും അമ്മയേയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. ദലിതര്‍ക്കെതിരായ അസഹിഷ്ണുത, വെള്ളപ്പൊക്കം എന്നീ വിഷയങ്ങളിലും രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി സഭയിലെത്തി മറുപടി പറയണമെന്ന് ബിഎസ്പി നേതാവ് മായാവതി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയത്. ഗുജറാത്തില്‍ ദലിതര്‍ക്ക് നേരേ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദലിത് യുവാവ് മരിച്ച സംഭവം കോണ്‍ഗ്രസ് സഭയില്‍ ഉന്നയിച്ചതോടെ ബിജെപി പ്രതിരോധത്തിലായി. രാജ്യത്തെ ദലിതര്‍ക്കും മുസ്ലിങ്ങള്‍ക്കും വനിതകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടികാട്ടി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം നടത്തി.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അസഹിഷ്ണുത വിവാദത്തില്‍ ആമിര്‍ഖാനെതിരെ നടത്തിയ വിമര്‍ശത്തിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ എന്ത് പാഠമാണ് പ്രതിരോധമന്ത്രി പഠിപ്പിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മായാവതിക്ക് പിന്തുണമായി ഇടതുപക്ഷപാര്‍ട്ടികളും രംഗത്ത് വന്നു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ സഭയിലെത്തി പ്രധാനമന്ത്രി മറുപടി പറയണമെന്ന് മായാവതി ആവശ്യപ്പെട്ടു. അസഹിഷ്ണുത വിഷയത്തില്‍ ആരെയും പേരെടുത്ത് വിമര്‍ശിച്ചില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സഭയില്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.