മല്യ ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീംകോടതിയില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
വന്‍ തുകയുടെ വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് മദ്യരാജാവ് വിജയ് മല്യ ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും.
ബ്രിട്ടീഷ് മദ്യകമ്പനിയായ ദിയാജിയോയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിന്റെ പേരില്‍ ലഭിക്കുന്ന 505 കോടിയോളം രൂപ പിന്‍വലിക്കരുതെന്ന് ബംഗളൂരിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഇന്നലെ വിധിച്ചിരുന്നു. ഇതിനു ശേഷമാണ് ബാങ്കുകളുടെ പുതിയ നീക്കം.
എസ്ബിഐയെക്കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയടക്കം 17 ബാങ്കുകള്‍ക്കും കോടിക്കണക്കിന് രൂപയാണ് തിരിച്ചടക്കാനുണ്ട്. ബാങ്കുകള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്പോര്‍ട്ട് കണ്ട് കെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേ സമയം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം നികുതി വെട്ടിക്കാന്‍ വിദേശത്ത് നിക്ഷേപിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് വിജയ് മല്യക്കെതിരെ സ്വമേധയ കേസ് എടുത്തു. വിജയ്‍ മല്യയെ ചോദ്യം ചെയ്യാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. സിബിഐ തയ്യാറാക്കിയ എഫ്ഐആറിലെ പരാമര്‍ശം മുന്‍നിര്‍ത്തി കള്ളപ്പണനിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്.