ഒന്നാം ദിനം പാര്‍ലമെന്റില്‍ ബഹളം

Update: 2018-05-13 12:52 GMT
Editor : admin
ഒന്നാം ദിനം പാര്‍ലമെന്റില്‍ ബഹളം
Advertising

ഉത്തരാഖണ്ഡ് വിഷയത്തില്‍ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം.

ഉത്തരാഖണ്ഡ് വിഷയത്തില്‍ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം. നാല് തവണ തടസ്സപ്പെട്ട രാജ്യസഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സഭയില്‍ അറിയിച്ചു.

രാവിലെ സഭ ആരംഭിച്ചത് മുതല്‍ ലോക്സഭയിലും രാജ്യസഭയിലും ഉത്തരാഖണ്ഡ് വിഷയം ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ലോക്സഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നാല് തവണ നിര്‍ത്തി വെക്കേണ്ടി വന്നു. ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാതെ സഭ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാടാണ് കേന്ദ്രം ഇരുസഭകളിലും സ്വീകരിച്ചത്

ചരക്കു സേവന നികുതി ബില്ലും ദേശീയ ജലപാതാ ബില്ലും അടക്കമുള്ള സുപ്രധാന ബില്ലുകള്‍ ഈ ഘട്ടത്തില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. എന്നാല്‍ ചരക്കുസേവന നികുതി ബില്‍ സംബന്ധിച്ച് പ്രതിപക്ഷവുമായി അഭിപ്രായ ഐക്യത്തിലെത്താന്‍ സര്‍ക്കാരിനായിട്ടില്ല. അതേസമയം തന്നെ ഉത്തരാഖണ്ഡ് വിഷയത്തിനൊപ്പം വരള്‍ച്ചയും വിജയ് മല്യ രാജ്യം വിട്ടതുമടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News