കശ്മീര്‍ പ്രശ്നം: സര്‍വകക്ഷി സംഘവുമായി ചര്‍ച്ചക്കുള്ള ക്ഷണം വിഘടനവാദികള്‍ തള്ളി
ഇടതുകക്ഷികള്‍, ജെഡി, എഐഎംഐഎം എന്നീ പാര്‍ട്ടികളാണ് ചര്‍ച്ചക്ക് ശ്രമം നടത്തിയത്.
കശ്മീര്‍ പ്രശ്നത്തില്‍ സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്താനുള്ള ക്ഷണം വിഘടനവാദികള്‍ തള്ളി. കശ്മീരിലെ ജനങ്ങള്‍ മുഴുവന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുമ്പോള്‍ ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് വിഘടനവാദികള്‍ അറിയിച്ചു. ഇടതുകക്ഷികള്‍, ജെഡി, എഐഎംഐഎം എന്നീ പാര്‍ട്ടികളാണ് ചര്‍ച്ചക്ക് ശ്രമം നടത്തിയത്. ചര്‍ച്ചക്കായി വീട്ടിലെത്തിയ സര്‍വകക്ഷി സംഘാംഗങ്ങളെ വിവിധ നേതാക്കള്‍ തിരിച്ചയച്ചു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് വിഘടനവാദികളെ സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്താന്‍ ക്ഷണിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നായിരുന്നു അവരുടെ നിലപാട്. ചര്‍ച്ചയല്ല, ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഹുറിയത്ത് കോണ്‍ഫ്രന്‍സ് മെഹബൂബ മുഫ്തിയെ അറിയിച്ചു. കശ്മീരിലെ ജനങ്ങളുടെ വികാരത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും ഹുറിയത്ത് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി.
സര്‍വകക്ഷി സംഘവുമായി ചര്‍ച്ചക്ക് സാധ്യത മങ്ങിയതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഹുറിയത്ത് നേതാവ് എസ്എഎസ് ഗീലാനിയുടെ വസതിയിലെത്തിയത്. എന്നിട്ടും ഗീലാനി ചര്‍ച്ചക്ക് തയ്യാറായില്ല. കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കണമെന്നും ചര്‍ച്ചക്കില്ലെന്നും ഗീലാനി സീതാറാം യെച്ചൂരിയെയും ഡി രാജയേയും അറിയിച്ചു. യാസീന്‍ മാലിക്കിനെ കാണാനെത്തിയ ജെഡിയു നേതാവ് ശരത് യാദവിന് ലഭിച്ചതും ഇതേ മറുപടി തന്നെ. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസസുദ്ദീന്‍ ഉവൈസിയെ വിഘടനവാദ നേതാവ് മിര്‍വാഇസ് ഉമര്‍ഫാറൂഖും തിരിച്ചയച്ചു.