അയോധ്യയില്‍ രാമായണ മ്യൂസിയത്തിനായി നീക്കം; ആദിത്യനാഥ് അജണ്ട നടപ്പിലാക്കുന്നു

Update: 2018-05-14 15:51 GMT
Editor : Sithara
അയോധ്യയില്‍ രാമായണ മ്യൂസിയത്തിനായി നീക്കം; ആദിത്യനാഥ് അജണ്ട നടപ്പിലാക്കുന്നു
Advertising

അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ തീവ്രഹിന്ദുത്വ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ തീവ്രഹിന്ദുത്വ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കാനുള്ള നീക്കങ്ങളാണ് ഈ പട്ടികയില്‍ സ്ഥാനം പിടിച്ചവയില്‍ പ്രധാനപ്പെട്ടത്. 10 ദിവസത്തിനകം സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. അറവുശാലകളില്‍ രണ്ടെണ്ണം നിരോധിച്ചുകൊണ്ടായിരുന്നു യോഗി ആദിത്യനാഥിന്‍റെ തുടക്കം.

ഇത്രയും കാലം യോഗി ആദിത്യനാഥ് വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയാണ് വിവാദ നായകനായിരുന്നതെങ്കില്‍ അജണ്ട നടപ്പിലാക്കുകയാണ് മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍‍. അഖിലേഷ് യാദവ് സര്‍ക്കാറിന്‍റെ എതിര്‍പ്പ് മൂലം മാറ്റിവച്ച അയോധ്യയിലെ രാമായണ മ്യൂസിയം നിര്‍മ്മിക്കാനുള്ള നീക്കങ്ങളാണ് ഇവയില്‍ ശ്രദ്ധേയം. 10 ദിവത്തിനകം മ്യൂസിയത്തിനായുള്ള 20 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്നും 18 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനുമാണ് തീരുമാനം. ഇക്കാര്യം ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിക്കുകയും ചെയ്തു. ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നിരിക്കെയാണ് ബിജെപിയുടെ നീക്കം.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവായ മുഹമ്മദ് ഷാമി കൊല്ലപ്പെട്ടിരുന്നു. ക്രമസമാധാനം പുനസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം. അധികാരത്തിലേറിയതിന് ശേഷമുള്ള യോഗി ആദിത്യനാഥിന്‍റെ ആദ്യ നിര്‍ദേശം തന്നെ അലഹബാദിലെ രണ്ട് കശാപ്പുശാലകള്‍ നിരോധിച്ചുകൊണ്ടായിരുന്നു. അനുമതിയില്ലാതെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത് എന്നായിരുന്നു കാരണമായി പറഞ്ഞത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News