ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 12% വര്‍ധന
2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 70 ശതമാനവും മോഷണവും പിടിച്ചുപറിയുമാണെന്ന് ഡല്‍ഹി പൊലീസ് പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു
ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 70 ശതമാനവും മോഷണവും പിടിച്ചുപറിയുമാണെന്ന് ഡല്‍ഹി പൊലീസ് പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം മാരകമായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്നും പൊലീസ് അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 2,23,075 കുറ്റകൃത്യങ്ങളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. റോഡുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മോഷണത്തില്‍ 37 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. വാഹന മോഷണങ്ങളുടെ എണ്ണം 6.5 ശതമാനം വര്‍ധിച്ചു. രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ 70 ശതമാനവും പിടിച്ചുപറിയും മോഷണവുമാണ്. ഓണ്‍ലൈന്‍ മുഖാന്തിരം എഫ്ഐആര്‍ രേഖപ്പെടുത്താനുള്ള സൌകര്യമുണ്ടായതാണ് കേസുകളുടെ എണ്ണത്തിലെ വര്‍ധനവിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നത് 1,99,110 കുറ്റകൃത്യങ്ങളായിരുന്നു. ഹീനമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 23.43 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള കേസുകളില്‍ 87.98 ശതമാനവും ഈ വര്‍ഷം പരിഹരിക്കപ്പെട്ടെന്നും പൊലീസ് പറയുന്നു. കൊള്ള, തട്ടിക്കൊണ്ട് പോകല്‍, എന്നിവയുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ കുറവുണ്ടായി. 2017 ല്‍ രജിസ്റ്റര്‍ ചെയ്ത 2049 ലൈംഗികാതിക്രമ കേസുകളില്‍ 92 ശതമാനത്തിലും നടപടിയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവരില്‍ 70 പേര്‍ ദിനം പ്രതി വിചാരണക്ക് വിധേയരാകുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 2017 ല്‍ പിഴയടച്ചത് 60,10,772 പേരാണ്.