2 ജി സ്പെക്ട്രം അഴിമതി: വിധി ഈ മാസം 21ന്
പട്യാല പ്രത്യേക സിബിഐ കോടതിയാണ് 3 കേസുകളിലെ വിധി പ്രഖ്യാപിക്കുക. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങി നിരവധി പ്രമുഖരാണ് പ്രതിപട്ടികയിലുള്ളത്.
2 ജി സ്പെക്ട്രം അഴിമതികേസുകളിലെ വിധി ഈ മാസം 21 ന് പ്രഖ്യാപിക്കും. പട്യാല പ്രത്യേക സിബിഐ കോടതിയാണ് 3 കേസുകളിലെ വിധി പ്രഖ്യാപിക്കുക. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങി നിരവധി പ്രമുഖരാണ് പ്രതിപട്ടികയിലുള്ളത്.
രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് ടെലികോം കന്പനികള്‍ക്ക് 2 ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായത്. വഴിവിട്ട് 122 2 ജി സ്പെക്ട്രം അനുവദിച്ചതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത് 2 ഉം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമടക്കം മൂന്ന് കേസുകളിലെ വിധിയാണ് പ്രത്യേക സിബിഐ കോടതി ഡിിസംബര്‍ 21 ന് രാവിലെ 10.30 ന് പ്രഖ്യാപിക്കുക. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് ആറരവര്‍ഷം പിന്നിട്ടശേഷമാണ് കേസിലെ വിധി പറയുന്നത്.
ടെലികോം മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ തെറ്റിധരിപ്പിച്ച് സ്വന്തം ഇഷ്ടക്കാര്‍ക്കായി സ്പെക്ട്രങ്ങള്‍ അനുവദിച്ചുവെന്ന് സിബിഐ കണ്ടെത്തി. എ രാജയെ മന്ത്രിയാക്കാനായി ചരടുവലിച്ച കനിമൊഴി ഇതിലൂടെ താന്‍ കൂടി ഡയറക്ടറായ കലൈഞ്ജര്‍ ടിവിക്ക് 200 കോടി രൂപ നേടിയെടുത്തുവെന്നും കണ്ടെത്തി. ഇരുവര്‍ക്കുംപുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറയടക്കം മറ്റ് 12 പേരും 3 ടെലികോം കന്പനികളും പ്രതിപട്ടികയിലുണ്ട്. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, യുണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കന്പനികള്‍. കേസില്‍ എ രാജ ഒരുവര്‍ഷത്തിലേറെയും കനിമൊഴി ആറ് മാസവും നേരത്തെ ജയിലില്‍ കിടന്നിരുന്നു.