പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ ചെലവ് വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മീഷന്‍

Update: 2018-05-20 14:35 GMT
Editor : Sithara
പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ ചെലവ് വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മീഷന്‍
Advertising

2013- 14 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്, പിന്നീടിങ്ങോട്ട് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്ര മോദി എന്നിവരുടെ വിദേശയാത്രകളുടെ വിമാന ചിലവ് വിവരാവകാശ നിയമപ്രകാരം പ്രസിദ്ധപ്പെടുത്താനാണ് നിര്‍ദേശം

പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് വിവരാവകാശ കമ്മീഷന്‍റെ നിര്‍ദേശം. 2013-14 സാമ്പത്തിക വര്‍ഷം മുതലുള്ള യാത്രാവിവരങ്ങള്‍ അന്വേഷിച്ച മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലോകേഷ് ബത്രയുടെ പരാതിയിലാണ് നടപടി. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ നിഷേധിച്ചിരുന്നു.

2013- 14 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്, പിന്നീടിങ്ങോട്ട് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്ര മോദി എന്നിവരുടെ വിദേശയാത്രകളുടെ വിമാന ചിലവ് വിവരാവകാശ നിയമപ്രകാരം പ്രസിദ്ധപ്പെടുത്താനാണ് നിര്‍ദേശം. 2016 ജൂണിലാണ് നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന ലോകേഷ് ബത്ര വിവരങ്ങള്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് പ്രധാനമന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുന്നത്. എയര്‍ ഇന്ത്യ സാധാരണക്കാരുടെ നികുതി പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നായതിനാല്‍ യാത്രായിനത്തില്‍ നല്‍കിയ തുക പ്രസിദ്ധപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. പല ഫയലുകളിലായി കിടക്കുകയാണ് ഇതുസംബന്ധിച്ച വിവരങ്ങളെന്നും അവ സമാഹരിക്കുക ശ്രമകരമാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ മറുപടി.

തുടര്‍ന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷനെ ബത്ര സമീപിച്ചത്. എന്നാല്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ മറുപടി നല്‍കാനാവില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കമ്മീഷന്‍റെ നോട്ടീസിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മറുപടി. ഇത് തള്ളിക്കൊണ്ടാണ് വിവരങ്ങള്‍ 30 ദിവസത്തിനകം ബത്രയ്ക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ആര്‍ കെ മാത്തൂര്‍ ഉത്തരവിട്ടത്. നേരത്തെ വിദേശയാത്രകളില്‍ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന സ്വകാര്യ വ്യക്തികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News