ഹിമാചലില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് അഭിപ്രായ സര്‍വ്വേ
52 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് സീ വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് അഭിപ്രായ സര്‍വ്വേ. 52 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് സീ വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 55 ശതമാനം പേരും സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ വേണമെന്ന് അഭിപ്രായം രേഖപ്പെടുത്തി.
1267 വോട്ടര്‍മാര്‍ക്കിടയിലാണ് സീ വോട്ടേര്‍സ് അഭിപ്രായ സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 55 ശതമാനം പേരും ഭരണമാറ്റം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. 11.8 ശതമാനം വോട്ട് വ്യത്യാസത്തോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍റെ വോട്ടില്‍ 5 ശതമാനത്തിന്‍റെ ഇടിവ് ഉണ്ടാകും. നിലവില്‍ 26 സീറ്റുകളുള്ള ബിജെപി ഇത്തവണ 52 സീറ്റ് നേടി അധികാരത്തിലെത്തും. ഭരണകക്ഷിയായ കോണ്‍ഗ്രസ് 21 സിറ്റിങ് സീറ്റുകള്‍ നഷ്ടമായി 15 സീറ്റിലേക്ക് ചുരുങ്ങുമ്പോള്‍ ഒരു സീറ്റ് മറ്റു കക്ഷികള്‍ നേടുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.
വീരഭദ്ര സിങിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിന്‍റെ സാധ്യതകളെ ഇല്ലാതാക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 58.5 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ തൊഴിലില്ലായ്മയാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്ന മുഖ്യഘടകം. മുഖ്യമന്ത്രിയായി വീരഭദ്ര സിങിനേക്കാള്‍ ചെറിയ മുന്‍തൂക്കം ബിജെപിയുടെ പ്രേം കുമാര്‍ ദുമലിനാണ് വോട്ടര്‍മാര്‍ നല്‍കുന്നത്.
അതേസമയം വീരഭദ്ര സിങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ദുമലിന്‍റെ നേതൃത്വത്തില്‍ ഭരണം നടത്തിയ മുന്‍ ബിജെപി സര്‍ക്കാരുകളേക്കാള്‍ മികച്ചതെന്ന് 42 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടു.