ഹൈദരബാദില്‍ മുസ്‍ലിം സംഘടനകള്‍ ആര്‍ഭാട വിവാഹങ്ങള്‍ ബഹിഷ്കരിക്കുന്നു
വിവാഹ ആഘോഷ ചെലവുചുരുക്കല്‍ കാമ്പയിനിന്റെ ഭാഗമായി ''വണ്‍ ഡിഷ് വണ്‍ ഡെസേര്‍ട്ട്'' മുദ്രാവാക്യവും രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്.
ഹൈദരാബാദില്‍ മുസ്‍ലിം സമുദായത്തിലെ വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ മുസ്‍ലിം സംഘടനകള്‍ ഒരുമിക്കുന്നു. ആര്‍ഭാടപൂര്‍വമായ വിവാഹചടങ്ങുകള്‍ ബഹിഷ്കരിക്കാനാണ് ഇനി മുസ്‍ലിം സംഘടനകളുടെ തീരുമാനം. വിവാഹ ആഘോഷങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നവരോട് പിഴയും ഈടാക്കും.
സ്ത്രീധനം കൂടാതെയുള്ള മറ്റ് അമിത ചെലവുകള്‍ കാരണം പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍മക്കളുടെ വിവാഹം പ്രതിസന്ധിയിലായിരിക്കുന്നത് ചൂണ്ടിക്കാട്ടി സിയാസത് എന്ന ഉറുദു ദിനപത്രമാണ് ഇത് സംബന്ധിച്ച കാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കുന്നത്. സിയാസതിന്റെ എഡിറ്ററായ സാഹിദ് അലി ഖാന്‍ ആര്‍ഭാടവിവാഹത്തിന്റെ ഭാഗമായി നടക്കുന്ന ഇസ്‍ലാമികമല്ലാത്ത ചടങ്ങുകളെയും പാട്ടുകളെയും വെടിക്കെട്ടുകളെയും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ഈ മാധ്യമപ്രവര്‍ത്തകന്‍റെ പ്രേരണയിലാണ് തുടര്‍ന്ന് വിഷയം മതപണ്ഡിതന്മാര്‍ ഏറ്റെടുക്കുന്നത്.
ഓള്‍ ഇന്ത്യാ ജമാഅത്ത് ഉള്‍ ഖുറൈശി സംഘടനയും ഹൈദരാബാദ് ഘടകം തങ്ങളുടെ പ്രവര്‍ത്തകരില്‍ ആരെങ്കിലും ഇത് ലംഘിച്ചാല്‍ അവര്‍ 50,000 രൂപ പിഴ അടയ്ക്കേണ്ടതായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഹൈദരബാദില്‍ മാത്രം ഒരുലക്ഷത്തിലധികം പ്രവര്‍ത്തകര്‍ സംഘടനയ്ക്കുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് നടക്കുന്ന ഓരോ വിവാഹവും നിരീക്ഷിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
3,500 മുതല്‍ 4000 കോടി വരെയാണ് ഹൈദരാബാദില്‍ ഒരോ വര്‍ഷവും വിവാഹത്തിന്‍റെ പേരില്‍ ചെലവഴിക്കപ്പെടുന്നത്. വിവാഹ ആഘോഷ ചെലവുചുരുക്കല്‍ കാമ്പയിനിന്റെ ഭാഗമായി ''വണ്‍ ഡിഷ് വണ്‍ ഡെസേര്‍ട്ട്'' മുദ്രാവാക്യവും രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്.