സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്ന് ആവര്‍ത്തിച്ച് മോദി
നോട്ട് നിരോധത്തിലൂടെ സാമ്പത്തിക ശുദ്ധികലശം നടന്നു. ജി എസ്ടി പുതിയ വ്യാവസായിക സംസ്കാരം ഉറപ്പ് നല്‍കുന്നതാണെന്നും..
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി. നോട്ട് നിരോധത്തിലൂടെ സാമ്പത്തിക ശുദ്ധികലശം നടത്തിയെന്നും ജി എസ്ടി പുതിയ വ്യാവസായിക സംസ്കാരം ഉറപ്പ് നല്‍കുന്നുവെന്നും മോദി ഗുജറാത്തില്‍ പറഞ്ഞു. ഗുജറാത്തിന്‌റെ വികസനത്തിനും വളര്‍ച്ചക്കും യു പി എ സര്‍ക്കാര്‍ തടയിടാന്‍ ശ്രമിച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്ആസന്നമായ ഗുജറാത്തില്‍ ഈ മാസം മൂന്നാം തവണയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഭാവ് നഗറിലെ ഗോഗ മുതല്‍ ബറൂച്ചിലെ ദഹേജ് വരെയുള്ള കടത്ത് ബോട്ട് സര്‍വ്വീസിന്റെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ബോട്ടില്‍ ദഹേജ് വരെ യാത്ര ചെയ്ത മോദി ദഹേജില്‍ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വാചാലനായി.
ഗുജറാത്തിന്‌റെ വികസനത്തിനും വളര്‍ച്ചക്കും യുപിഎ സര്‍ക്കാര്‍ തടയിടാന്‍ ശ്രമിച്ചെവെന്നും പ്രധാനമന്ത്രി ആരോപിച്ചു. സൌരാഷ്ട്രയെയും തെക്കന്‍ ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന കടത്ത്ബോട്ട് സര്‍വ്വീസ് വ്യാവസായിക മുന്നേറ്റത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിയത് പ്രധാനമന്ത്രിക്ക് വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അവസരം നല്‍കാനാണെന്ന വിമര്‍ശം ഇതിനകം ശക്തമായിട്ടുണ്ട്.