പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും
സമ്മേളനം അവസാനിപ്പിച്ച് ലോക്സഭ ബുധനാഴ്ച തന്നെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളനം അവസാനിപ്പിച്ച് ലോക്സഭ ബുധനാഴ്ച തന്നെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. രാജ്യസഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പിരിയും. കഴിഞ്ഞ ദിവസം അനുശോചന പ്രമേയം അവതരിപ്പിച്ച് പിരിഞ്ഞതിനാലാണ് രാജ്യസഭാ നടപടികള്‍ ഇന്നത്തേയ്ക്ക് നീട്ടിയത്.
മെയ് 13 വരെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്താനായിരുന്നു ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലായതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലായി വിവിധ പാര്‍ട്ടികളുടെ നേതാക്കളായ എംപിമാര്‍ക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് ഹാജര്‍ നിലയെ പ്രതികൂലമായി ബാധിച്ചു. അതിനാല്‍ ലോക്സഭ ബുധനാഴ്ച തന്നെ സമ്മേളനം അവസാനിപ്പിച്ച് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. രാജ്യസഭ വ്യാഴാഴ്ച പിരിയാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്തരിച്ച കോണ്‍ഗ്രസ് അംഗം പ്രവീണ്‍ രാഷ്ട്രപാലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പിരിയുകയാണുണ്ടായത്. ഫലത്തില്‍ രാജ്യസഭാ സമ്മേളനം മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 13ലേക്ക് നീണ്ടു.
അവസാന ദിവസം ബില്ലവതരണമോ മറ്റ് നടപടികളോ രാജ്യസഭയുടെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശൂന്യവേളയും ചോദ്യോത്തര വേളയും മാത്രമാണുള്ളത്. ചരക്കു സേവന നികുതി ബില്‍ അടക്കം സുപ്രധാന ബില്ലുകള്‍ പാസ്സാക്കാതെയാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്.