'10 ദിവസത്തിനകം മാപ്പ് പറയണം' ബിജെപി എംപിക്ക് പ്രകാശ്‍രാജിന്റെ ലീഗല്‍ നോട്ടീസ്
പ്രതാപ് സിംഹ എംപിക്ക് പ്രകാശ് രാജ് ലീഗല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. താരത്തിനെതിരെ..
തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുന്നയിക്കുകയും കുടുംബത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി എംപി പത്തു ദിവസത്തിനകം മാപ്പ് പറയണമെന്ന് പ്രകാശ് രാജ്. ആവശ്യമുന്നയിച്ച് പ്രതാപ് സിംഹ എംപിക്ക് പ്രകാശ് രാജ് ലീഗല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരവും അപമാനിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് എംപിയ്‌ക്കെതിരെ നോട്ടീസ്.
മൈസൂരില്‍ നിന്നുമുള്ള ബിജെപി എംപിയായ പ്രതാപ് സിംഹ പ്രകാശ് രാജിനെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. മോദിയെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിനെതിരെ ബിജെപി എംപിയുടെ രംഗപ്രവേശം. തന്റെ മകന്‍ മരിച്ചു കിടക്കുമ്പോള്‍ പ്രകാശ് രാജ് നര്‍ത്തകിയ്ക്ക് പിറകെ പോയെന്നായിരുന്നു പ്രതാപ് സിംഹയുടെ പ്രസ്താവന.
‘ഞാന്‍ രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ പരിഹസിക്കാനോ കഥകള്‍ പ്രചരിപ്പിക്കാനോ കഴിയില്ല. ഞാന്‍ മോദിയുടെ നിശബ്ദതയെ കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ മകന്‍ മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ നര്‍ത്തകിയ്ക്ക് പിന്നാലെ പോയെന്നാണ് എംപി പറയുന്നത്.’ പ്രകാശ് രാജ് പ്രതികരിച്ചു.
2004 ലായിരുന്നു പ്രകാശ് രാജിന്റെ നാല് വയസുകാരന്‍ മകന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചത്. താനും ഭാര്യയും ഇന്നും മകന്റെ മരണത്തില്‍ നിന്നും മുക്തരായിട്ടില്ലെന്നും, മകന്റെ വിയോഗത്തിലുള്ള ദുഖത്തെ എംപി അപമാനിച്ചതായും പ്രകാശ് രാജ് പറഞ്ഞു.