കോണ്‍ഗ്രസുമായുള്ള സഹകരണം: യെച്ചൂരിയുടെ നിലപാട് തള്ളി സിപിഎം പോളിറ്റ് ബ്യൂറോ
കോൺഗ്രസുമായി രാഷ്ട്രീയ ധാരണ പോലും പാടില്ലെന്ന് ഭൂരിപക്ഷം പിബിയുടെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും.പി ബി തള്ളിയ യെച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിയിൽ
രാഷ്രീയ അടവ് നയത്തിന്‍റെ കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ തള്ളി സിപിഎം പിബി. കാരാട്ടിന്റെ രേഖയ്ക്ക് പിന്തുണ. കോൺഗ്രസുമായി രാഷ്ട്രീയ ധാരണ പോലും പാടില്ലെന്ന് ഭൂരിപക്ഷം
പിബിയുടെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും.പി ബി തള്ളിയ യെച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. അന്തിമ തീരുമാനം അടുത്ത മാസത്തെ കേന്ദ്ര കമ്മിറ്റി യോഗം എടുക്കും. ചർച്ചകൾ തുടരുമെന്ന് പി ബി യുടെ വാർത്താകുറിപ്പ്
ഒക്ടോബറിലെ കേന്ദ്രകമ്മിറ്റിയില്‍ നിലനിന്ന അതേ തര്‍ക്കം പിബിയും തുടരുകയാണ്. ബിജെപി മുഖ്യശത്രുവാണെന്നതില്‍ രണ്ടഭിപ്രായം പിബിക്കില്ലെങ്കിലും ബിജെപി നേരിടുന്നതിലെ കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. കാരാട്ട് പക്ഷവും യെച്ചൂരിപക്ഷവും ഇതുസംബന്ധിച്ച തങ്ങളുടെ രേഖകള്‍ പിബിയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണപോലും പാടില്ലന്നാണ് കാരാട്ട് പക്ഷത്തിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന മുന്‍നിലപാട് കാരാട്ട് വിഭാഗം ആവര്‍ത്തിച്ചു. എന്നാല്‍ രാഷ്ട്രീയധാരണ പോലും പാടില്ലെന്ന നിലപാട് സംസ്ഥാനങ്ങളിലെ പ്രാദേശികക്ഷികളുമായുണ്ടാക്കുന്ന സഹകരണത്തേയും ബാധിക്കുമെന്ന് യെച്ചൂരി വാദിച്ചു.
തമിഴ്നാട്ടിലെ ആര്‍ കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്ഗ്രസുമായി സഖ്യമുള്ള ഡിഎംകെയുമായി സിപിഎം സഹകരിക്കുന്നത് ചൂണ്ടികാട്ടിയായിരുന്നു ഇത്. വര്‍ഗീയശക്തികളെ നേരിടുന്നതില്‍ ബൂര്‍ഷ്വാപാര്‍ട്ടികള്‍ ഒഴികെയുള്ളവരുമായി സഹകരിക്കണമെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കണം രാഷ്ട്രീയ അടവ് തന്ത്രമെന്നും ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളും പറഞ്ഞു. പിബിയില്‍ ഇക്കാര്യത്തില്‍ ഇനിയും ധാരണയിലെത്തിയില്ലെങ്കില്‍ രണ്ട് പക്ഷത്തിന്‍റേയും രേഖകള്‍ അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടേണ്ടിവരും. അവിടെയും തര്‍ക്കം തുടരുകയാണെങ്കില്‍ വേട്ടെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറെയാണ്.