മുടി കൊഴിയുന്നതില്‍ മനംനൊന്ത് പെണ്‍കുട്ടി മാലിന്യങ്ങള്‍ നിറഞ്ഞ മുറിയില്‍ മാസങ്ങള്‍ ഒറ്റക്ക് കഴിഞ്ഞു
രണ്ട് മാസത്തിലധികമായി പെണ്‍കുട്ടി കുളിക്കുകയോ ഫ്ലാറ്റിന് പുറത്തിറങ്ങുകയോ ചെയ്തിട്ടില്ല.
മുടി കൊഴിയുന്നതില്‍ മനം നൊന്ത് പതിനാറുകാരി മാലിന്യങ്ങള്‍ നിറഞ്ഞ മുറിയില്‍ മാസങ്ങളായി ഒറ്റക്ക് കഴിഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലുള്ള ഫ്ലാറ്റിലാണ് പെണ്‍കുട്ടി ആരോടും സമ്പര്‍ക്കമില്ലാതെ കഴിഞ്ഞത്. രണ്ട് മാസത്തിലധികമായി പെണ്‍കുട്ടി കുളിക്കുകയോ ഫ്ലാറ്റിന് പുറത്തിറങ്ങുകയോ ചെയ്തിട്ടില്ല.
പാണ്ഡവ് നഗറിലുള്ള ഒറ്റമുറി ഫ്ലാറ്റിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍, വെള്ള കുപ്പികള്‍, ഫാസ്റ്റ് ഫുഡ് പാക്കറ്റുകള്‍, മുഷിഞ്ഞ തുണികള്‍, കാര്‍ഡ് ബോക്സുകള്‍ എന്നിവ കുന്നുകൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു മുറി. ഇത് കൂടാതെ ഒരു ഇരുമ്പ് കസേരയും ഫാനും ബെഡും മാത്രമാണ് മുറിയിലുള്ളത്. ഇവിടെയാണ് പെണ്‍കുട്ടി മാസങ്ങളോളം ഒറ്റക്ക് കഴിഞ്ഞത്. ഇവര്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. വളരെ അവശനിലയിലായിരുന്നു അവര്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഫ്ലാറ്റിലെ താമസക്കാരിയാണ് പെണ്‍കുട്ടി. സുശീല്‍ സിര്‍ക്കാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയും സഹോദരിയും ഉണ്ടെങ്കിലും ഒറ്റക്കാണ് പെണ്‍കുട്ടിയുടെ താമസം. അവര്‍ ഇടക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാറുണ്ടെങ്കിലും ഇവരെ പെണ്‍കുട്ടി വീടിനകത്തേക്ക് കയറ്റാറില്ല. ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവരുടെ ഉച്ചത്തിലുള്ള കരച്ചില്‍ രാത്രിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പൊലീസെത്തുമ്പോള്‍ അകത്ത് നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. ഒടുവില്‍ അവരുടെ അമ്മ ഭക്ഷണവുമായി എത്തിയപ്പോഴാണ് പെണ്‍കുട്ടി വാതില്‍ തുറന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് പെണ്‍കുട്ടിയെ ഫ്ലാറ്റിന് പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥനായ രവീന്ദ്ര യാദവ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടിയവരാണ്. ചെലവിന് കൊടുക്കുന്നതിനെച്ചൊല്ലി മാതാപിതാക്കള്‍ വഴക്കിടാറുണ്ടായിരുന്നു. ഡല്‍ഹിയില്‍ പലചരക്ക് കട നടത്തുകയാണ് പിതാവ്. ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ മാനസിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. പെണ്‍കുട്ടിക്ക് കൌണ്‍സില്‍ നല്‍കുമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ വിധേയയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.