ഗോരക്ഷയുടെ പേരില്‍ കൊല; നീതി ലഭിക്കുംവരെ പോരാടുമെന്ന് ഇരകളുടെ ബന്ധുക്കള്‍
രാജ്യത്ത് വിദ്വേഷ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇരകളുടെ ബന്ധുക്കളുടെ സംഗമം.
രാജ്യത്ത് വിദ്വേഷ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇരകളുടെ ബന്ധുക്കളുടെ സംഗമം. കഴിഞ്ഞ ദിവസം ഗോരക്ഷാഗുണ്ടകള്‍ വെടിവെച്ച് കൊന്ന ഉമ്മര്‍ മുഹമ്മദ് ഖാന്റെയും യാത്രക്കിടെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെയും ബന്ധുക്കളാണ് ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നീതി ലഭിക്കുന്നത് വരെ പോരാട്ടം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വെറുപ്പിനെതിരെ ഒന്നിക്കുക എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ട്രെയിന്‍ യാത്രക്കിടെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ പതിനാറുകാരന്‍ ജുനൈദിന്റെ സഹോദരനും കഴിഞ്ഞ ദിവസം അല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ഉമ്മര്‍മുഹമ്മദ്ഖാന്റെ കുടുംബക്കാരുമാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇവര്‍ പറഞ്ഞു.
മുസ്‍ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ പശുവിന്റെ പേരില്‍ അക്രമം തുടരുന്ന സാഹചര്യത്തിലാണ് ഡല്‍ഹി പ്രസ്ക്ലബ്ബില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട ഉമ്മര്‍ഖാന്റെ സഹോദരന്‍ ഖുര്‍ഷിദ്, ഉമ്മറിനൊപ്പം ആക്രമിക്കപ്പെട്ട താഹിറിന്റെ സഹോദരന്‍ അബ്ദുല്‍ വഹീദ്, ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ സലീം എഞ്ചിനിയര്‍, മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ദോഷ് സിങ് ബാല്‍ എന്നിവരും കൂട്ടായ്മയില്‍ പങ്കെടുത്തു.