ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട 12 വസ്തുതകള്‍

Update: 2018-05-28 21:52 GMT
Editor : Subin
ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട 12 വസ്തുതകള്‍
Advertising

എത്ര അറിഞ്ഞാലും തീരാത്തത്രയും ബൃഹത്താണ് ഇന്ത്യയുടെ ചരിത്രവും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും...

രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എത്ര അറിഞ്ഞാലും തീരാത്തത്രയും ബൃഹത്താണ് ഇന്ത്യയുടെ ചരിത്രവും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും. അത്രയേറെ ആഘോഷിക്കപ്പെടാത്ത എന്നാല്‍ അറിഞ്ഞിരിക്കേണ്ട ഇന്ത്യയെക്കുറിച്ചുള്ള 12 വസ്തുതകള്‍

1. ആദ്യ സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുമ്പോള്‍ നമുക്ക് സ്വന്തമായി ദേശീയഗാനം ഇല്ലായിരുന്നു. രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന...യുടെ ബംഗാളി രൂപം 1911ല്‍ തന്നെ എഴുതിയിരുന്നു. എന്നാല്‍ 1950ല്‍ മാത്രമാണ് ഇന്ത്യന്‍ ദേശീയ ഗാനമായി ജനഗണമന... ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്.
2. ഇന്ത്യ മുഴുവന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ മുഴുകിയപ്പോഴും മഹാത്മാഗാന്ധി ആഘോഷങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. മാത്രമല്ല, അദ്ദേഹം കൊല്‍ക്കത്തയില്‍ ഉപവാസത്തിലായിരുന്നു. ബംഗാളിലെ ഹിന്ദു മുസ്ലിം സംഘര്‍ഷത്തിനെതിരായിരുന്നു ഗാന്ധിയുടെ ഉപവാസം. സമാധാനം ഉറപ്പിച്ചതിന് ശേഷമാണ് 72 മണിക്കൂര്‍ നീണ്ട ഉപവാസം അദ്ദേഹം അവസാനിപ്പിച്ചത്.


3. നമ്മുടെ ദേശീയ പതാക നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. 1921ല്‍ പിങ്കലി വെങ്കയ്യയാണ് നമ്മുടെ ദേശീയ പതാക നിര്‍മ്മിച്ചത്. ആദ്യഘട്ടത്തില്‍ കാവിയും പച്ചയും രണ്ട് നിറങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യത്തെ പ്രധാനമായ രണ്ട് മതവിഭാഗങ്ങളെയാണ് ഈ നിറങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. അശോകചക്രവും വെള്ള നിറവുംരാഷ്ട്ര പതാകയില്‍ ഉള്‍പ്പെടുത്തണമെന്ന ആശയം മഹാത്മാ ഗാന്ധിയുടേതാണ്. വെള്ളനിറം മറ്റു മതവിഭാഗങ്ങളെ കൂടി കണക്കാക്കിയും അശോക ചക്രം രാജ്യപുരോഗതിയെ ലക്ഷ്യമിടുന്നതുമായിരുന്നു.
അതേസമയം രാഷ്ട്ര പതാകയിലെ നിറങ്ങളെക്കുറിച്ച് വേറെയും നിരീക്ഷണങ്ങളുണ്ട്. കാവി നിറം ധൈര്യത്തെയും സഹനത്തെയും കുറിക്കുമ്പോള്‍ പച്ച വിശ്വാസത്തെയും ശൗര്യത്തെയും കുറിക്കുന്നു വെള്ള നിറം സമാധാനത്തിന്റെ പ്രതീകമാണ്. 1947 ജൂലൈ 22നാണ് ഇന്ന് കാണുന്ന നമ്മുടെ പതാക രാഷ്ട്ര പതാകയായി ഔദ്യോഗികമായി അംഗീകരിച്ചത്.
4. രാജ്യത്തെ ഖാദി സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇന്ത്യന്‍ രാഷ്ട്രപതാക നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും അധികാരമുള്ളൂ.
5. ഇന്ത്യയുടേയും പാകിസ്ഥാന്റേയും സ്വാതന്ത്ര്യചടങ്ങുകളില്‍ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന് പങ്കെടുക്കേണ്ടിയിരുന്നു. അതുകൊണ്ടായിരുന്നു പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഗസ്ത് 14ന് ആക്കിയത്.
6. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങഇയതിന്റെ വാര്‍ഷിക ദിനം എന്നതു കൂടി കണക്കിലെടുത്താണ് ആഗസ്ത് 15 ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായി മൗണ്ട് ബാറ്റണ്‍ തെരഞ്ഞെടുത്തത്.
7. ഇന്ത്യക്ക് പുറമേ ദക്ഷിണ കൊറിയ, കോംഗോ എന്നീ രാജ്യങ്ങളും ആഗസ്ത് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
8. സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയില്‍ ചേരാതെ നിന്നിരുന്ന 562 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ ഭാഗമായ തിരുവിതാംകൂര്‍, ഹൈദരാബാദ്, ജമ്മു കാശ്മീര്‍, മൈസൂര്‍ തുടങ്ങിയ സ്വതന്ത്ര നാട്ടുരാജ്യങ്ങള്‍ ഏറെ വൈകാതെ ഇന്ത്യന്‍ യൂണിയനില്‍ അംഗമായി. ഹൈദരാബാദായിരുന്നു അവസാനമായി ഇന്ത്യന്‍ യൂണിയനില്‍ അംഗമായ നാട്ടുരാജ്യം.
9. ഇന്ത്യ സ്വതന്ത്രമാകുമ്പോഴും പിന്നീട് നിരവധി വര്‍ഷവും ഗോവ പോര്‍ച്ചുഗീസ് കോളനിയായി തുടര്‍ന്നു. 1961ല്‍ മാത്രമാണ് ഗോവ ഇന്ത്യയുടെ ഭാഗമായത്.
10. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അന്നത്തെ ഫാഷന്‍ ഐക്കണ്‍ കൂടിയായിരുന്നു. അന്താരാഷ്ട്ര ഫാഷന്‍ മാസികയായ വോഗ് മാഗസിനില്‍ നെഹ്‌റുവിന്റെ ചിത്രം അടിച്ചുവന്നിട്ടുണ്ട്. ഒരിക്കല്‍ ലൈഫ് മാഗസിന്റെ കവര്‍ചിത്രവും നെഹ്‌റു ആയിരുന്നു. നെഹ്‌റുവിന്റെ സവിശേഷമായ വസ്ത്രധാരണരീതിക്ക് ആഗോളതലത്തില്‍ തന്നെ ആരാധകരുണ്ടായിരുന്നു. നെഹ്‌റുവിന്റെ ജാക്കറ്റിനെ ആഗോള ഫാഷന്‍ ട്രന്‍ഡുകളില്‍ ഒന്നായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു.
11. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായിരുന്നില്ല. 1949ലാണ് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
12. 1975ലായിരുന്നു സിക്കിം ഇന്ത്യയുടെ സംസ്ഥാനമായി ഔദ്യോഗികമായി മാറിയത്. അതിന് മുമ്പ് സിക്കിം ഇന്ത്യയുടെ സംരക്ഷണത്തിലുള്ള പ്രദേശമായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News