മോദി മന്ത്രിസഭയിലെ ഒരു മന്ത്രി പെണ്‍വാണിഭ റാക്കറ്റിന്റെ നേതാവാണെന്ന് സ്വാതി മലിവാള്‍
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്ത്.
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്ത്. മോദി മന്ത്രിസഭയിലെ ഒരു മന്ത്രി പെണ്‍വാണിഭ റാക്കറ്റിന്റെ നേതാവാണെന്ന് സ്വാതി മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയിലെ ജിബി റോഡ് കേന്ദ്രീകരിച്ചാണ് മന്ത്രിയും സംഘവും പെണ്‍വാണിഭം സജീവമായി നടത്തുന്നതെന്നാണ് സ്വാതി മാധ്യമങ്ങളോട് പറഞ്ഞത്. ദിവസേന അഞ്ച് കോടിയോളം രൂപയാണ് ജിബി റോഡിലെ പെണ്‍വാണിഭത്തിലൂടെ മന്ത്രി സമ്പാദിക്കുന്നതെന്നും സ്വാതി പറഞ്ഞു. എട്ടും പത്തും വയസുള്ള പെണ്‍കുട്ടികളെ വരെയാണ് ലൈംഗിക കച്ചവടം നടത്തി ഇക്കൂട്ടര്‍ കോടികള്‍ സമ്പാദിക്കുന്നത്. നാളുകള്‍ നീണ്ട തന്റെ അന്വേഷണത്തിനൊടുവിലാണ് താന്‍ ഇക്കാര്യം കണ്ടെത്തിയതെന്നും തന്റെ നീക്കം തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ സ്വാതി മലിവാള്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ നിന്നു വെറും മൂന്നു കിലോമീറ്റര്‍ അകലെയാണ് ഈ പെണ്‍വാണിഭ റാക്കറ്റിന്റെ പ്രവര്‍ത്തനമെന്നും സ്വാതി പറഞ്ഞു. ഇതിനിടെ വനിതാ പാനല്‍ റിക്രൂട്ട്മെന്റില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് അഴിമതി വിരുദ്ധ വിഭാഗം സ്വാതിക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുണ്ട്.