യോഗി ആദിത്യനാഥ്; തീവ്രവര്‍ഗീയതയുടെ വക്താവ്
കലാപശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ആദിത്യനാഥിനെതിരെയുണ്ട്.
തീവ്ര ഹിന്ദുത്വ നിലപാട് കൊണ്ടും വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെയും എന്നും വിവാദങ്ങള്‍ തീര്‍ത്ത നേതാവാണ് യോഗി ആദിത്യനാഥ്. കലാപശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ആദിത്യനാഥിനെതിരെയുണ്ട്. ഉത്തര് പ്രദേശ് എന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ഇങ്ങനെയൊരാള്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ബിജെപിയുടെ രാഷ്ട്രീയ- വികസന നയസമീപനങ്ങള്‍ കൂടിയാണ് ചര്‍ച്ചയാകുന്നത്.
രാഷ്ട്രീയ ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ സമയവും മുസ്ലിം വിരുദ്ധ വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തിയും നിയമനടപടികള്‍ ഏറ്റുവാങ്ങിയും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് യോഗി ആദിത്യനാഥ്. ഷാരൂഖ് ഖാന്‍, മദര്‍ തരേസ തുടങ്ങിയ പ്രമുഖരും യോഗി അദിത്യനാഥിന്‍റെ വിദ്വേഷ പ്രസംഗങ്ങളില്‍ ഇരയായത് ചരിത്രം. ഇതിന് പുറമെ ഇത്തവണത്തെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഏറ്റവുമധികം താരപ്പൊലിമയുണ്ടായിരുന്ന വ്യക്തി, സംസ്ഥാനത്ത് ഏറ്റവുമധികം കലാപങ്ങള്‍ക്ക് കാരണക്കാരനായെന്ന് ആരോപിക്കപ്പെട്ട ആള്‍, തീവ്ര ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന നേതാവ്, ബിജെപി വോട്ട് ബാങ്കായ ഗോരക്പൂര്‍ മേഖലയിലെ ഏറ്റവും ശക്തിയുള്ള നേതാവ്. അങ്ങനെ വിശേഷണങ്ങളേറെയുണ്ട് യോഗി ആദിത്യനാഥിന്.
44 കാരനായ യോഗി ആദിത്യനാഥ് അഞ്ച് തവണയാണ് ഗോരക്പൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ആദിത്യനാഥിന് മേല്‍ ചുമത്തപ്പെട്ട കേസുകളും വകുപ്പുകളും
ഐപിസി 147: കലാപം അഴിച്ചുവിട്ടതിന് മൂന്ന് കേസ്.
ഐപിസി 307: കൊലപാതകശ്രമത്തിന് ഒരു കേസ്
ഐപിസി 148: മാരകായുധം കൊണ്ട് കലാപം അഴിച്ചുവിട്ട രണ്ടുകേസ്
ഐപിസി 336: സ്വകാര്യ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചതിന് ഒരു കേസ്
ഐപിസി 149: നിയമവിരുദ്ധമായി സംഘംചേര്‍ന്നതിന് ഒരു കേസ്
ഐപിസി 297: ന്യൂനപക്ഷങ്ങളുടെ ശ്മശാനത്തിലേക്ക് അതിക്രമിച്ചുകടന്നതിന് രണ്ട് കേസ്
ഐപിസി 506: ആളുകളെ ഭയപ്പെടുത്തിയതിന് ഒരു കേസ്
ഐപിസി 153: സമുദായങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചതിന് കേസ്