മൈക്കുമെടുത്ത് പുറത്തുപോകൂ; റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോട് ജിഗ്നേഷ് മേവാനി
അര്‍ണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലിനോട് സംസാരിക്കില്ല എന്നത് തന്‍റെ നിലപാടാണെന്ന് ജിഗ്നേഷ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവിയുടെ മൈക്ക് മാറ്റിയാല്‍ മാത്രമേ താന്‍ സംസാരിക്കൂ എന്നും ജിഗ്നേഷ് പറഞ്ഞു.
തന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോട് മൈക്കുമെടുത്ത് പുറത്തുപോകാന്‍ ദലിത് ആക്ടിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. ചെന്നൈയിലെ ഖ്വൈദ് ഇ മില്ലറ്റ് ഇന്‍റര്‍ നാഷണല്‍ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസില്‍ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു ജിഗ്നേഷ്.
സംവാദത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ റിപ്പബ്ലിക് ടിവിയുടെ മൈക്ക് കണ്ട് ജിഗ്നേഷ് പറഞ്ഞതിങ്ങനെ: "ആരാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍? ഞാന്‍ റിപ്പബ്ലിക്കിനോട് സംസാരിക്കില്ല. മൈക്കെടുത്ത് പുറത്തുപോകൂ". എക്സ്ക്ലുസിവ് അഭിമുഖം അല്ലല്ലോ, വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏതെങ്കിലും മാധ്യമത്തെ ഒഴിവാക്കുന്നതെന്തിനെന്ന ചോദ്യവുമായി ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലിനോട് സംസാരിക്കില്ല എന്നത് തന്‍റെ നിലപാടാണെന്ന് ജിഗ്നേഷ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവിയുടെ മൈക്ക് മാറ്റിയാല്‍ മാത്രമേ താന്‍ സംസാരിക്കൂ എന്നും ജിഗ്നേഷ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഏത് മൈക്ക് വേണം, വേണ്ട എന്നൊന്നും നിര്‍ബന്ധം പിടിക്കാനാവില്ലെന്നും അതിനാല്‍ ഈ വാര്‍ത്താസമ്മേളനം ആവശ്യമില്ലെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനോ പറയാതിരിക്കാനോ സ്വാതന്ത്ര്യമുണ്ടെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് ശരിയായ പ്രവണതയല്ലെന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചത്.