തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ അക്രമം അഴിച്ചു വിടുന്നെന്ന് പ്രതിപക്ഷം
ജില്ലാ മജിസ്‌ട്രേറ്റ്, സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ തുടങ്ങിയവരെ ആയുധധാരികളായ തൃണമൂല്‍പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുന്നു...
പശ്ചിബംഗാളില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചു വിടുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് ബിജെപി സുപ്രീംകോടതിയെയും കോണ്‍ഗ്രസ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഭയമില്ലാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ രണ്ടിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആരംഭിച്ചത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷാരോപണം. ജില്ലാ മജിസ്‌ട്രേറ്റ്, സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ തുടങ്ങിയവരെ ആയുധധാരികളായ തൃണമൂല്‍പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുന്നു.
സിപിഎം മുന്‍ എംപി രാമചന്ദ്രഡോമിന് നേരെ ബോബേറുണ്ടായി. ഇദ്ദേഹത്തിന്റെ തലക്ക് പരുക്കേറ്റു. പൊലീസ് കുറ്റവാളികള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് ബിജെപി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ബിജെപി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊല്‍ക്കത്ത ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.