16 വര്‍ഷം ഭക്ഷണമില്ലായിരുന്നു, ഇപ്പോള്‍ വീടും; ഇറോം ശര്‍മിളയെ മണിപ്പൂരി ജനത കൈയൊഴിയുന്നു
16 വര്‍ഷത്തെ ഐതിഹാസിക സമരത്തിന് തിരശീലയിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ഇറോം ശര്‍മിളയെ മണിപ്പൂരി ജനത കൈയൊഴിയുന്നു.
16 വര്‍ഷത്തെ ഐതിഹാസിക സമരത്തിന് തിരശീലയിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ഇറോം ശര്‍മിളയെ മണിപ്പൂരി ജനത കൈയൊഴിയുന്നു. കുടുംബവും അനുയായികളും ഉപേക്ഷിച്ച ഇറോം താമസ സ്ഥലം പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. റെഡ്ക്രോസ് അനുവദിച്ച താല്‍ക്കാലിക താമസസ്ഥലത്ത് ഇപ്പോള്‍ ഇറോം കഴിയുന്നത്.
ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത സഹന സമരം നയിച്ച ഇറോം ശര്‍മ്മിളക്ക് ചുറ്റും 16 വര്‍ഷമായി ഉണ്ടായിരുന്ന ജനക്കൂട്ടം ഒഴിഞ്ഞിരിക്കുന്നു. അനുയായികളും കുടുംബവും ഏറെക്കുറെ ഇറോമിനെ കൈയൊഴിഞ്ഞ അവസ്ഥയാണ്. പാതി വഴിയില്‍ സമരം അവസാനിപ്പിച്ചതോടെ ഇതുവരെ നടത്തിയ പോരാട്ടത്തിന്റെ ഊര്‍ജം നഷ്ടപ്പെടുത്തി എന്നാണ് ഇവരുടെ വാദം. ഭരണകൂട സമ്മര്‍ദ്ദത്തിനും കാമുകന്റെ ഉപദേശത്തിനും ഇറോം വഴങ്ങിയെന്നും ഒരുവിഭാഗം നാട്ടുകാര്‍ വിശ്വസിക്കുന്നു. റെഡ്ക്രോസ് താമസ സ്ഥലം നല്‍കിയതിനെ സമീപവാസികളായ കുട്ടികള്‍ പോലും എതിര്‍ത്തു. എന്നാല്‍ തന്റെ പുതിയ സമരമാര്‍ഗത്തെ മനസിലാക്കണമെന്ന് മാത്രമാണ് പരുഷമായ പ്രതികരണങ്ങള്‍ക്ക് ഇറോം നല്‍കുന്ന മറുപടി.
പ്രത്യേക സൈനികാധികാര നിയമം നിലനില്‍ക്കുന്ന കശ്മീരില്‍ പിഡിപി - ബിജെപി സഖ്യം അധികാരത്തിലെത്തിയിട്ടും ഒരു മാറ്റവും ഉണ്ടായില്ലെന്നതും ഇറോമിനെതിരാ മണിപ്പൂരി ജനതയുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇറോമിന്റെ ഇനിയുള്ള പ്രവര്‍ത്തനത്തിന് ജനപിന്തുണ നേടാനാകില്ല എന്നാണ് വിലയിരുത്തല്‍.