മിടുക്കരായ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ കൌണ്‍സിലിംഗ്: ആര്‍എസ്എസ് ക്യാമ്പിനെ ചോദ്യം ചെയ്ത് കോടതി
ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ഗര്‍ഭപാത്രം ശുദ്ധീകരിക്കപ്പെടുമെന്നും പുനര്‍ജ്ജീവിക്കപ്പെടുമെന്നും മിടുക്കരായ കുട്ടികള്‍ ജനിക്കുമെന്നും ഇവര്‍ പറയുന്നു
'ഗര്‍ഭ സന്‍സ്കാര്‍' എന്ന പേരില്‍ ആര്‍എസ്എസ് കല്‍ക്കത്തയില്‍ നടത്തുന്ന ക്യാമ്പിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് കല്‍ക്കത്ത ഹൈക്കോടതി. ആര്‍എസ്എസിന്റെ ആരോഗ്യസംഘടനയായ ആരോഗ്യഭാരതിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമാണ് ക്യാമ്പ്. ഈ ദിവസങ്ങളിലായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഷോപ്പുകളിലാണ് എങ്ങനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം എന്ന് പഠിപ്പിക്കുന്നത്. നല്ല കുട്ടികളെ ലഭിക്കാന്‍ പാരമ്പര്യ കൌണ്‍സിലിംഗ് എന്നാണ് 'ഗര്‍ഭ സന്‍സ്കാര്‍' എന്നതുകൊണ്ട് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ശാസ്ത്രീയതയെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്.
ആരോഗ്യ ഭാരതിയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ഈ കൗണ്‍സിലിങ്ങിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാണ് കോടതിയെ സമീപിച്ചത്. എന്തെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണോ സംഘടന, ഗര്‍ഭ സന്‍സ്കാര്‍ സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന് എന്തെങ്കിലും തെളിവ് കോടതിയില്‍ ഹാജരാക്കാനുണ്ടോ എന്നും കോടതി ഹരജി പരിഗണിക്കവെ ചോദിച്ചു. തെളിവായി ആരോഗ്യഭാരതിക്ക് യാതൊന്നും ഹാജരാക്കാനായില്ല. ആയുര്‍വേദത്തില്‍ വിദഗ്ധനെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലെ ഒരു പ്രൊഫസര്‍ ദമ്പതികള്‍ക്ക് ക്ലാസെടുക്കുക മാത്രമാണ് വര്‍ക് ഷോപ്പില്‍.
നേരത്തെ ഗുജറാത്തിലും ആരോഗ്യഭാരതി ഇത്തരത്തില്‍ കൌണ്‍സിലിംഗ് ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഹിന്ദു ആചാരങ്ങളിലൂടെ മിടുക്കരായ കുട്ടികളെ ലഭിക്കാന്‍ ദമ്പതികളെ സഹായിക്കുന്നുവെന്നാണ് ഇവരുടെ അവകാശവാദം. ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ഗര്‍ഭപാത്രം ശുദ്ധീകരിക്കപ്പെടുമെന്നും പുനര്‍ജ്ജീവിക്കപ്പെടുമെന്നും ഇവര്‍ പറയുന്നു. 162 ദിവസത്തെ ഒരു ശുദ്ധീകരണയജ്ഞമാണ് ഇവര്‍ ദമ്പതികളോട് നിര്‍ദേശിക്കുന്നത്. 90 ദിവസം ഭാര്യയ്ക്കും, 72 ദിവസം ഭര്‍ത്താവിനും. എന്ത് ഭക്ഷണം കഴിക്കണമെന്നും എന്ത് ചെയ്യണമെന്നും ഇവര്‍ നിര്‍ദേശിക്കും. ഇത്തരത്തിലുള്ള ശുദ്ധീകരണത്തിലൂടെ കടന്നുപോയതിന് ശേഷം മാത്രം ഗര്‍ഭിണിയാകാന്‍ പാടുള്ളൂവെന്നാണ് കൌണ്‍സിലിംഗിലെ പ്രധാന നിബന്ധന. ഇത്തരം ശുദ്ധീകരണപ്രക്രിയയിലൂടെ കടന്നുപോയാല്‍ ഗര്‍ഭസ്ഥ ശിശുവിനോട് സംസാരിക്കാന്‍ കഴിയുമെന്ന് വരെ ഇവര്‍ പറയുന്നു.