ഗുജറാത്തില്‍ നഗരങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം
ഗുജറാത്തിലെ ഗ്രാമീണ മേഖലകളില്‍ കടുത്ത വെല്ലുവിളി നേരിടുമ്പോഴും നഗര പ്രദേശങ്ങളില്‍ ഇപ്പോഴും ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം.
ഗുജറാത്തിലെ ഗ്രാമീണ മേഖലകളില്‍ കടുത്ത വെല്ലുവിളി നേരിടുമ്പോഴും നഗര പ്രദേശങ്ങളില്‍ ഇപ്പോഴും ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം നഗര വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും ഇതിനെ ചെറുക്കാനായില്ലെങ്കില്‍ അധികാരം പിടിക്കുകയെന്ന കോണ്‍ഗ്രസ് ലക്ഷ്യം അസ്ഥാനത്താകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
"ഞങ്ങള്‍ ഗുജറാത്തികളാണ്. ഡല്‍ഹിയിലുള്ള രാഹുല്‍ ഗാന്ധിക്കല്ല, ഗുജറാത്തിയായ മോദിക്കാണ് ഞങ്ങള്‍ വോട്ട് കൊടുക്കുക"- ഗുജറാത്തിലെ ഒരു ശരാശരി നഗരവാസിയുടെ അഭിപ്രായമാണിത്. നിലവിലെ സര്‍ക്കാരിന് എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും നരേന്ദ്ര മോദിയെ കൈവിടില്ലെന്ന് പറയുന്നവരുണ്ട്. ജിഎസ്ടിമൂലം ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി മോദിയല്ല ജെയ്റ്റിലിയാണെന്ന് പറയുന്ന വ്യാപാരികളെയും കാണാം. നഗര വോട്ടര്‍മാരിലുള്ള സ്വാധീനമാണ് ഗ്രാമീണ മേഖലകളിലെ തിരിച്ചടികള്‍ക്കിടയിലും ബിജെപിക്ക് ആശ്വാസം പകരുന്നത്.
ഗുജറാത്തിലെ ജനസംഖ്യയില്‍ 40 ശതമാനവും നഗരത്തില്‍ ജീവിക്കുന്നവരാണ്. നഗര പ്രദേശങ്ങളിലെ ആകെയുള്ള 58 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകള്‍.