ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം; ബിജെപി മന്ത്രിമാര്‍ രാജിവെച്ചേക്കും

Update: 2018-05-29 03:32 GMT
Editor : Sithara
ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം; ബിജെപി മന്ത്രിമാര്‍ രാജിവെച്ചേക്കും
Advertising

കത്‍വ കേസില്‍ മെഹ്ബൂബ മുഫ്തിയുടെ നിലപാടാണ് ഭിന്നതയ്ക്ക് കാരണം.

ജമ്മു കശ്മീര്‍ സര്‍ക്കാരിന് ഭീഷണിയായി മുഴുവന്‍ ബിജെപി മന്ത്രിമാരും രാജിക്ക് ഒരുങ്ങുന്നതായി സൂചന. കത്വാ കേസിലെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തീരുമാനം. കത്വാ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിവിധ മാധ്യമങ്ങള്‍ക്ക് നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.

കത്വാ പീഡനക്കേസില്‍ പ്രതികളെ തെരുവില്‍ പിന്തുണച്ചതിന് രണ്ട് ബിജെപി മന്ത്രിമാര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ ബിജെപി മന്ത്രിമാരും രാജിക്ക് ഒരുങ്ങുന്നത്. രാജിക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മക്കായിരിക്കും സമര്‍പ്പിക്കുക.

നേരത്തെ രാജിവെച്ചതിന് ശേഷം മണ്ഡലത്തില്‍ എത്തിയ ചൌധരി ലാല്‍ സിങിന് ആഘോഷപൂര്‍വമുള്ള സ്വീകരണമാണ് ലഭിച്ചിരുന്നത്. അന്വേഷണത്തില്‍ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെക്കണമെന്നും ചൌധരി ലാല്‍ സിങ് പറഞ്ഞിരുന്നു.

അതിനിടെ കത്വായില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് മാധ്യമങ്ങള്‍ക്ക് എതിരായ കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കത്വാ ഉന്നാവോ കേസുകളില്‍ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു.

നേരത്തെ ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്‍റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ കോടതി നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയെ കുല്‍ദീപിന് എത്തിച്ചുകൊടുത്തതിന് അറസ്റ്റിലായ ശശി സിങ്ങിന്‍റെ മകന്‍ സുബ്ഹാന്‍ സിങിനെ കഴിഞ്ഞ ദിവസം സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News