അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ചതില്‍ മനംനൊന്ത് യുപിയില്‍ മുസ്‍ലിം വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
ആശുപത്രിയില്‍ വെച്ച് ബോധം തെളിഞ്ഞപ്പോള്‍ കുട്ടി ആദ്യം പറഞ്ഞത് മുഖ്യമന്ത്രി സാറേ ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ഥിയാണ് എന്നാണ്.
തീവ്രവാദിയെന്ന് അധ്യാപകര്‍ വിളിച്ചതില്‍ മനംനൊന്ത് യുപിയില്‍ മുസ്‍ലിം വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ വെച്ച് ബോധം തെളിഞ്ഞപ്പോള്‍ കുട്ടി പറഞ്ഞത് 'ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ഥിയാണ്' എന്നാണ്.
സെപ്തംബര്‍ 23നായിരുന്നു സംഭവം. താന്‍ സ്കൂളില്‍ അനുഭവിച്ച വിവേചനത്തെ കുറിച്ച് ആത്മഹത്യാ കുറിപ്പെഴുതിയ ശേഷമാണ് ഉറക്കഗുളികകള്‍ കഴിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയുടെ കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്- "എപിജെ അബ്ദുല്‍ കലാമിനെ പോലെ ശാസ്ത്രജ്ഞനാവാനായിരുന്നു എനിക്ക് ആഗ്രഹം. എന്നാല്‍ അധ്യാപകര്‍ എന്നെ എന്നും സംശയത്തോടെയാണ് നോക്കിയിരുന്നത്. എന്നും അധ്യാപകര്‍ എന്‍റെ ബാഗ് പരിശോധിക്കുമായിരുന്നു. എന്നും ക്ലാസ്സില്‍ അവസാന ബെഞ്ചിലായിരുന്നു എന്‍റെ സ്ഥാനം. എന്തെങ്കിലും ചോദിച്ചാലുടന്‍ ക്ലാസ്സില്‍ നിന്ന് എന്നെ പുറത്താക്കുകയായിരുന്നു പതിവ്. അധ്യാപകരുടെ ഈ പെരുമാറ്റം കാരണം സഹപാഠികളും എന്നെ അകറ്റിനിര്‍ത്തി. ഞാന്‍ ജീവനൊടുക്കാന്‍ കാരണക്കാരായ പ്രിന്‍സിപ്പലിനും നാല് അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷിക്കുകയാണ്".
സ്കൂളില്‍ തന്നെ അധ്യാപകരും സഹപാഠികളും ഒറ്റപ്പെടുത്തിയതില്‍ കുട്ടിക്ക് വലിയ മനോവിഷമമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സ്കൂളില്‍ തോക്ക് കൊണ്ടുവരാറുണ്ടെന്ന് ആരോപിച്ച് അധ്യാപകര്‍ എന്നും ബാഗ് പരിശോധിക്കുന്നത് കുട്ടിയെ വിഷമിപ്പിച്ചിരുന്നതായി മാതാവും പറഞ്ഞു.
സെപ്തംബര്‍ 23ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നില ഗുരുതരമായിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ കുട്ടി ആദ്യം പറഞ്ഞത് മുഖ്യമന്ത്രി സാറേ ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ഥിയാണ് എന്നാണ്.