പുരസ്കാരം തിരിച്ചുനല്‍കില്ല; മോദിയുടെ മൌനം ഭയപ്പെടുത്തുന്നുവെന്നാണ് പറഞ്ഞത്: പ്രകാശ് രാജ്

Update: 2018-05-30 08:53 GMT
Editor : Sithara
പുരസ്കാരം തിരിച്ചുനല്‍കില്ല; മോദിയുടെ മൌനം ഭയപ്പെടുത്തുന്നുവെന്നാണ് പറഞ്ഞത്: പ്രകാശ് രാജ്
Advertising

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ വധിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് താന്‍ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നടന്‍ പ്രകാശ് രാജ്.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ വധിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് താന്‍ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊന്നത് ആഘോഷിക്കുന്നവരോടുള്ള മോദിയുടെ മൗനം തന്നെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്നാണ് എന്നാണ് താന്‍ പറഞ്ഞതെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പറഞ്ഞിട്ടില്ല. അത് തന്‍റെ കഴിവിന് ലഭിച്ച അംഗീകാരമാണ്. വിഡ്ഢിയാണോ അതൊക്കെ തിരിച്ചുകൊടുക്കാന്‍? ഗൌരി ലങ്കേഷിന്‍റെ മരണം ആഘോഷമാക്കിയവരെയാണ് താന്‍ വിമര്‍ശിച്ചത്. പ്രധാനമന്ത്രി ഇവരോട് മൌനം പാലിച്ചു. ഇക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഒരു പാര്‍ട്ടിയിലും അംഗമല്ല താന്‍. എന്നാല്‍ പൌരനെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ വ്യക്തമാക്കി.

ഡിവൈഎഫ്‌ഐയുടെ 11ആം സംസ്ഥാന സമ്മേളനം ബംഗളുരുവില്‍ ഉദ്ഘാടനം ചെയ്ത് പ്രകാശ് രാജ് നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായത്. ഗൌരിയുടെ ഘാതകന്‍മാരെ നമുക്ക് കാണാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അവര്‍ ആരാണെന്നും അവര്‍ പിന്തുടരുന്ന ആശയമെന്താണെന്നും നമുക്ക് വ്യക്തമായി അറിയാം. അവരില്‍ പലരേയും മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്? അഭിനയത്തിന് അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തന്നേക്കാള്‍ നല്ല നടനാണെന്ന് തെളിയിക്കാനാണ് മോദിയുടെ ശ്രമം. മൌനം തുടര്‍ന്നാല്‍ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുമെന്നും പ്രകാശ് രാജ് ഇന്നലെ പറയുകയുണ്ടായി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News