രാജസ്ഥാനിലെ 'ഹാദിയ'ക്ക് സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാന്‍ ഹൈക്കോടതി അനുമതി

Update: 2018-05-31 01:45 GMT
Editor : Muhsina
രാജസ്ഥാനിലെ 'ഹാദിയ'ക്ക് സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാന്‍ ഹൈക്കോടതി അനുമതി
Advertising

കേസ് 'ലൗ ജിഹാദ്' ആണെന്നായിരുന്നു എതിര്‍ഭാഗ അഭിഭാഷകന്റെ വാദം. എന്നാല്‍ യുവതിക്ക് 18വയസ് പൂര്‍ത്തിയായതായി നിരീക്ഷിച്ച രാജസ്ഥാന്‍ ഹൈക്കോടതി യുവതിയുടെ ഇഷ്ടപ്രകാരം പോകുവാന്‍..

മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് സർക്കാർ ഹോസ്​റ്റലിലേക്ക്​ മാറ്റിയ യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു. യുവതിക്ക് 18വയസ് പൂര്‍ത്തിയായതായി നിരീക്ഷിച്ച രാജസ്ഥാന്‍ ഹൈക്കോടതി യുവതിയുടെ ഇഷ്ടപ്രകാരം പോകുവാന്‍ അനുമതി നല്‍കി. ഇതോടെ, 22കാരിയായ പായല്‍ സംഗ്‍വി ഭര്‍ത്താവ് മുഹമ്മദ് ഫായിസിനോടൊപ്പം പോവുകയാണെന്ന് അറിയിച്ചു. യുവതിക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, കോടതി വിധിയെ തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന പായലിനു നേരെ ചില സംഘ്പരിവാര്‍ അനുകൂലികള്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

ഫായിസ് തന്റെ സഹോദരിയെ ശല്യപ്പെടുത്തുകയും പിന്നീട് തട്ടിക്കൊണ്ടുപോവുകയും ചെയ്തെന്നായിരുന്നു പായലിന്റെ സഹോദരൻ ചിരാഗ് സാംഗ്‍വി കോടതിയിൽ പറഞ്ഞത്. പായലിനെക്കൊണ്ട് രേഖകളില്‍ നിർബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നും, വിവാഹം വ്യാജമാണെന്നും സഹോദരന്‍ വാദിച്ചു. കേസ് 'ലൗ ജിഹാദ്' ആണെന്നായിരുന്നു എതിര്‍ഭാഗ അഭിഭാഷകന്റെ വാദം.

എന്നാല്‍ സ്കൂൾ കാലഘട്ടം മുതൽ പായലും ഫയാസും സുഹൃത്തുക്കളായിരുന്നുവെന്ന് പായിലിൻറെ കുടുംബം പിന്നീട് സമ്മതിച്ചു. "ഇതൊരിക്കലും ലൌ ജിഹാദല്ല. രണ്ടുപേരും പത്തുവര്‍ഷത്തോളമായി അടുത്ത കൂട്ടുകാരാണ്. അവര്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. രണ്ടു കുടുംബങ്ങള്‍ക്കും ഇതറിയാവുന്നതുമാണ്." ഫായിസിന്റെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച കോടതിയിലെത്തിയ പായല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മുഹമ്മദ് ഫായിസിനെ വിവാഹം ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഒരാഴ്ചത്തേക്ക് പായലിനെ ഹോസ്റ്റലിലേക്ക് അയച്ചു. എന്നാല്‍18 വയസ് പൂര്‍ത്തിയായ ഒരു യുവതിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ടെന്ന് നിരീക്ഷിച്ച കോടതി പായലിനെ സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News