ടിഡിപി , എഐഎഡിഎംകെ അംഗങ്ങളുടെ ബഹളം; പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു

Update: 2018-05-31 17:44 GMT
Editor : Jaisy
ടിഡിപി , എഐഎഡിഎംകെ അംഗങ്ങളുടെ ബഹളം; പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു
Advertising

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി ഡി പി അംഗങ്ങള്‍ ലോക്സഭയില്‍ ബഹളം വെച്ചു

പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും ടിഡിപി, അണ്ണാ ഡിഎംകെ പ്രതിഷേധത്തില്‍ തടസ്സപ്പെട്ടു.എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിപക്ഷം ഏകാഭിപ്രായത്തില്‍ എത്തിയില്ലെന്നാണ് വിവരം.

ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ടിഡിപിയുടെയും കാവേരി ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ടുള്ള അണ്ണാ ഡിഎംകെയുടെയും പ്രതിഷേധത്തോടെയാണ് ഇന്നും ഇരുസഭകളും ആരംഭിച്ചത്. കാവേരി ബോര്‍ഡ് രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എംപി മുത്തുകറുപ്പന്‍ രാജ്യസഭാധ്യക്ഷന് രാജി കത്ത് നല്‍കി.

രാജ്യസഭയില്‍ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ വിപ്പ് നല്‍കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും അമിത് ഷാ സംസാരിക്കുമെന്നും സൂചനകളുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സഭ ആരംഭിച്ച ഉടന്‍ തന്നെ പിരിഞ്ഞു.

ലോക്സഭയിലും സമാനസ്ഥിതി തുടര്‍ന്നു.അതേസമയം രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊണ്ടുവരാനിരിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തില്‍ പ്രതിപക്ഷം ഏകാഭിപ്രായത്തില്‍ എത്തിയിട്ടില്ല.നടപ്പ് സമ്മേളനത്തില്‍ വിഷയം പരിഗണിക്കപ്പെടില്ല, ദീപക് മിശ്രയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കും തുടങ്ങിയവയാണ് അഭിപ്രായ ഭിന്നതക്ക് കാരണം.നോട്ടീസ് പരിഗണിക്കാന്‍‌ 50 അംഗങ്ങളുടെ പിന്തുണ രാജ്യസഭയില്‍ പ്രതിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News